
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് അമ്പതോവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 46.2 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി. 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് സിംബാബ്‌വെയുടെ അട്ടിമറി മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. 79 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്.
സിംബാബ്‌വെയുടെ കൃത്യതയാര്‍ന്ന സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ആസ്‌ത്രേലിയ പതറുന്ന കാഴ്ചയാണു മത്സരത്തിന്റെ തുടക്കത്തില്‍ കണ്ടത്. ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിനെ സിംബാവെ അട്ടിമറിയ്ക്കുമോയെന്ന് വരെ പലരും ആശങ്കപ്പെട്ടിരുന്നു. എങ്കിലും തുടക്കത്തില്‍ വിക്കറ്റ് കളയാതെ സൂക്ഷിക്കുന്നതില്‍ ഓസീസിന്റെ ഷെയ്ന്‍ വാട്‌സനും ബ്രാഡ് ഹാഡിനും സാധിച്ചു.
നമ്പര്‍ വണ്‍ ടീമിനു യോജിച്ച ബാറ്റിംഗായിരുന്നില്ല ഓസീസ് കാഴ്ചവച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം 19-ാം ഓവറില്‍ ബ്രാഡ് ഹാഡിന്‍ മടങ്ങി. 66 പന്തുകള്‍ നേരിട്ട ഹാഡിന്റെ സമ്പാദ്യം 29 റണ്‍സ് മാത്രമാണ്. ഉല്‍സേയ അദ്ദേഹത്തെ എല്‍ബിഡബ്ല്യു വില്‍ കുടുക്കുകയായിരുന്നു.
100 റണ്‍സെടുക്കാന്‍ ഓസീസിന് 26 ഓവര്‍ എടുക്കേണ്ടിവന്നു. ഹാഡിന്റെ പുറത്താകലിനുശേഷം വാട്‌സനും പോണ്ടിംഗുംചേര്‍ന്ന് ഓസീസ് സ്‌കോറിനു ജീവന്‍വയ്പിച്ചു. എന്നാല്‍, സ്‌കോര്‍ 141-ല്‍ എത്തിനില്‍ക്കവെ ടോപ് സ്‌കോറര്‍ വാട്‌സനും(79) പുറത്തായി. തൊട്ടുപിന്നാലെ പോണ്ടിങ് (28) റണ്ണൗട്ടായി
അവസാന ഓവറുകളില്‍ വൈസ്‌ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഡേവിഡ്ഹസിയും മിച്ചല്‍ ജോണ്‍സനുമൊക്കെ നടത്തിയ കടന്നാക്രമണമാണ് ആസ്‌ത്രേലിയയ്ക്ക് 262 റണ്‍സെന്ന മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്. സിംബാവെയ്ക്ക് വേണ്ടി എംപോഫു രണ്ടുവിക്കറ്റ് നേടി.
സിംബാവെയുടെ സ്പിന്‍ ആക്രമണത്തിന് പേസിലൂടെയാണ് ഓസീസ് ക്യാപ്റ്റന്‍ മറുപടി നല്‍കിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ലീയുടെയും മിച്ചലിന്റെയും ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സിബാവെ ബാറ്റിങ് നിരയ്ക്കായില്ല.
ബ്രെറ്റ് ലീയെ സിക്‌സറടിച്ച കവന്‍ട്രി തന്റെ ബാറ്റിംഗ് കരുത്ത് വെളിപ്പെടുത്തി. എന്നാല്‍, 14 റണ്‍സെടുത്ത കവന്‍ട്രിയെ ലീതന്നെ പുറത്താക്കി. തൊട്ടുപിന്നാലെയെത്തിയ തതേന്ദ തായ്ബു ഏഴുറണ്‍സുമായി മടങ്ങി.
മധ്യനിരയില്‍ ചിഗുംബുരയും സീന്‍ വില്യംസും പൊരുതിയെങ്കിലും ഓസീസ് ബൗളിംഗിനുമുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ ക്കാനായില്ല. തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സിംബാവെയുടെ മറുപടി 171 റണ്‍സിന് അവസാനിച്ചു.