Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് പിള്ളേരുകളിയല്ല മക്കളേ!

വഡോദര : ടീം ഇന്ത്യയെ നാണക്കേടിന്റെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി വീണ്ടും ആസ്ട്രേലിയ വിജയം ആഘോഷിച്ചു, പരമ്പരയില്‍ 3-1ന്റെ ലീഡും കരസ്ഥമാക്കി. നാണൂറാം ഏകദിനം കളിക്കാനിറങ്ങിയ സചിന് ഇത് നാണക്കേടിന്റെ ദിവസമായി.

നാല്‍പതോവറോളം ഇഴഞ്ഞു നീങ്ങി ഇന്ത്യ നേടിയ 148 റണ്‍സ് വെറും ഇരുപത്തഞ്ചോവറില്‍ അടിച്ചെടുത്ത് പോണ്ടിംഗും സംഘവും ഇന്ത്യയുടെ വായാടിത്തത്തിന് കനത്ത തിരിച്ചടി നല്‍കി. പത്തോവറില്‍ വെറും 26 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതി മൈക്കേല്‍ ജോണ്‍സണാണ് ട്വെന്റി ട്വെന്റി തമ്പുരാക്കന്മാരെ എറിഞ്ഞൊടിച്ചത്.

വഡോദരയിലെ ഐപിസിഎല്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 400-ാമത് ഏകദിനം ആഘോഷിക്കാനെത്തിയ കാണികള്‍ക്ക് ടീം ഇന്ത്യ നല്‍കിയത് അവര്‍ ഒട്ടും മറക്കാത്ത കാഴ്ച തന്നെയായിരുന്നു.

ഇന്നിംഗ്സിലെ നാലാം പന്തില്‍ സൗരവ് ഗാംഗൂലി റണ്‍ ഔട്ട്. തൊട്ടടുത്ത പന്തില്‍ ദ്രാവിഡിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ബ്രെറ്റ്ലീയുടെ അടുത്ത പ്രഹരം. കൃത്യം പതിനെട്ടു പന്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മൈക്കേല്‍ ജോണ്‍സണ്‍ എന്ന പുതുമുഖ ബൗളറുടെ താണ്ഡവം തുടങ്ങി.

ഒരു റണ്ണെടുത്ത യുവരാജന്റെ മോഹങ്ങള്‍ ഗില്‍ക്രിസ്റ്റിന്റെ കൈകളിലൊതുങ്ങി. ഏഴാം ഓവറിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ ലെഗ് ബിഫോറായി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ നാലിന് 33.

രണ്ടോവര്‍ എറിയാനുളള സമയമേ വേണ്ടി വന്നുളളൂ, നായകന്‍ ധോണി കൂടാരത്തില്‍ തിരിച്ചെത്താന്‍. അഞ്ചിന് 43 എന്ന നിലയില്‍ ടീം ഇന്ത്യ ചക്രശ്വാസം വലിച്ചപ്പോള്‍ ആശ്വാസമായി ഒരു കൂട്ടുകെട്ടെത്തി.

നാണൂറാം ഏകദിനം കളിക്കുന്ന സചിന് ക്രീസില്‍ കൊളളാവുന്ന ഒരു പങ്കാളിക്കു വേണ്ടി ഒമ്പതോവര്‍ കാത്തിരിക്കേണ്ടി വന്നു. അതും പകുതിപ്പേരും മടങ്ങിപ്പോയിക്കഴിഞ്ഞ്. ഇര്‍ഫാന്‍ പത്താനും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ ഒരുവിധം സ്കോര്‍ 92ലെത്തിച്ചു.

ബ്രെറ്റ്ലീയെ മടക്കി വിളിക്കാന്‍ തീരുമാനിച്ച പോണ്ടിംഗിന് പിഴച്ചില്ല. സച്ചിന്റെ ചെറുത്തു നില്‍പ് ഗില്‍ക്രിസ്റ്റിന്റെ കൈകളില്‍ അവസാനിച്ചു. ഒരോവറിനകം ഹര്‍ബജന്‍ സിംഗും പിരിഞ്ഞു.

അടുത്ത ഓവറില്‍ പത്താന്‍, തൊട്ടുപിന്നാലെ മുരളി കാര്‍ത്തിക്. പിന്നെ പത്താം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുതിര്‍ന്നവരെ നാണം കെടുത്തിയ സഹീറിന്റെയും ആര്‍ പി സിംഗിന്റെയും ചെറുത്തു നില്‍പ്. 39.4 നാഥന്‍ ബ്രാക്കന്റെ പന്തില്‍ ഗില്ലിക്ക് ആറാം ക്യാച്ചു നല്‍കി സഹീര്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 148.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ധൃതിയിലാണ് കാര്യങ്ങള്‍ തീര്‍ത്തത്. തച്ചുടയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ഗില്‍ക്രിസ്റ്റിന്റെ ബാറ്റില്‍ നിന്നും ഫോറും സിക്സും പ്രവഹിച്ചു. 77 പന്തുകളില്‍ നിന്ന് ഏഴു ഫോറും നാലു സിക്സുമടക്കം 79 റണ്‍സാണ് ഗില്ലി അടിച്ചു കൂട്ടിയത്.

ആര്‍ പി സിംഗിന് വിക്കറ്റു നല്‍കി ഇടയ്ക്ക് ഹെയ്ഡന്‍ മടങ്ങിയതൊന്നും ഗില്‍ക്രിസ്റ്റിനെ ബാധിച്ചതേയില്ല. ക്യാപ്റ്റന്‍ പോണ്ടിംഗിനെ മറുവശത്ത് നിര്‍ത്തി ഗില്ലി ടീം ഇന്ത്യയുടെ ബൗളിംഗ് തീര്‍ത്തും നിര്‍വീര്യമാക്കി.

ഒടുവില്‍ ഒമ്പതു വിക്കറ്റ് വിജയത്തോടെ ടീം ഇന്ത്യയുടെ അഹങ്കാരത്തിന്റെ പത്തി തറയിലിട്ട് ചവിട്ടിയരച്ച് പോണ്ടിംഗ് തിരികെ നടക്കുമ്പോള്‍ പിന്നെയും എറിയാന്‍ പകുതിയോളം ഓവര്‍ ബാക്കിയുണ്ടായിരുന്നു.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+