ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദില്ലിയിലെ കോട്ട മൈതാനിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ലഹരി അടങ്ങിയില്ല, അതിനു മുമ്പേ തുടങ്ങി പത്രങ്ങളുടെയും ക്രിക്കറ്റ് സൈറ്റുകളുടെയുമൊക്കെ മാര്‍ക്കിടല്‍. മറ്റൊരു ക്യാപ്റ്റനും കിട്ടാത്ത വാഴ്ത്തുമൊഴികളുടെ പുഷ്പവൃഷ്ടി വീഴുകയാണ് അനില്‍ കുംബ്ലെയുടെ ശിരസിനു മീതെ. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്ലെ ഒറ്റ മത്സരം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ പ്രഗത്ഭരായ ക്യാപ്‌റ്റന്‍മാരുടെ നിരയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
മലയാള പത്രങ്ങളും ആഘോഷത്തില്‍ പിന്നോട്ടല്ല. മനോരമ നൂറില്‍ നൂറു മാര്‍ക്കാണ് കുംബ്ലെയുടെ നായകമികവിന് നല്‍കുന്നത്. കുംബ്ലെയ്‌ക്കു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മാതൃഭൂമിയും ഒട്ടും വിട്ടു കൊടുക്കുന്നില്ല. പേരു കേട്ട ക്രിക്കറ്റ് സൈറ്റുകള്‍ കുംബ്ലെയെയും മുന്‍കാല ക്യാപ്‌റ്റന്‍മാരെയും നിരത്തി താരതമ്യ പഠനങ്ങളും തുടങ്ങിയിട്ടുണ്ട്.
തന്റെ ഭാഗ്യ മൈതാനത്തില്‍ തന്നെ ക്യാപ്‌റ്റനായി അരങ്ങേറ്റം നടത്താന്‍ സാധിച്ചയാളാണ് കുംബ്ലെ. പാകിസ്ഥാനെതിരെ പണ്ട് ഇതെ ഗ്രൗണ്ടിലാണ് ഒരു ഇന്നിങ്ങ്‌സില്‍ പത്തു വിക്കറ്റ് വീഴ്‌ത്തി കുംബ്ലെ ചരിത്രം സൃഷ്ടിച്ചത്. (അതിനു പിന്നില്‍ മഹാനായ ഇന്ത്യന്‍ അമ്പയര്‍ എ.വി. പ്രകാശിന്റെ കളത്തിലിറങ്ങാതെയുള്ള കളിയുണ്ടെന്നത് പരസ്യമായ രഹസ്യം). മാത്രമല്ല, ഇത്രയേറെ മുന്‍ ക്യാപ്‌റ്റന്‍മാരുള്ള ഒരു ടീമിനെ നയിക്കാന്‍ വേറൊരു ക്യാപ്‌റ്റനും കഴിഞ്ഞിട്ടുമുണ്ടാകില്ല.
ഇനി കളിയിലേക്കു മടങ്ങി വരാം. തിണ്ണമിടുക്ക് എന്നതു പോട്ടെ, തങ്ങള്‍ക്ക് മാത്രം ജയിക്കാന്‍ പാകത്തില്‍ സ്‌പിന്‍ പിച്ച് ഒരുക്കിയാണ് കുംബ്ലെയും ടീമും കളത്തിലിറങ്ങിയത്. ജീവനില്ലാത്ത പിച്ചില്‍ പാകിസ്ഥാന്റെ താരതമ്യേനയ പുതുമുഖങ്ങളായ താരങ്ങളുടെ പരിചയക്കുറവ് ടീം ഇന്ത്യയ്ക്ക് അനുഗ്രഹമായി.
ഈ മത്സരത്തില്‍ തന്നെ ആദ്യ ഇന്നിഗ്‌സില്‍ പാകിസ്ഥാന്റെ വാലറ്റക്കാര്‍ റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ കുബ്ലെയിലെ ക്യാപ്‌റ്റന്‍ വിയര്‍ക്കുന്നത് നാം കണ്ടതാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കളത്തില്‍ പാകിസ്ഥാന്റെ വാലറ്റക്കാരോട് വിരണ്ടു പോയ കുംബ്ലെ അടുത്തു നടക്കാനിരിക്കുന്ന ഓസീസ് പര്യടനത്തില്‍ ടീമിനെ നയിക്കുന്നത് എങ്ങനെയെന്ന് കണ്ടറിയണം.
ഒരു മത്സരത്തില്‍ ജയിച്ചാല്‍ ഉടനെ സിംഹാനസത്തിലേറ്റുകയും അടുത്ത കളി പരാജയപ്പെട്ടാല്‍ അവനെ ചവിട്ടിയരക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് പണ്ഡിതന്‍മാരെ കുംബ്ലെയും പേടിക്കേണ്ടിയിരിക്കുന്നു. അറിയില്ലെങ്കില്‍ ചോദിച്ചു മനസിലാക്കാന്‍ മറ്റെവിടെയും പോകേണ്ട്, ഒരു പാട് പേര്‍ സ്വന്തം ടീമില്‍ തന്നെയുണ്ട്. ഒരു പക്ഷേ ഈ പണ്ഡിതരെ പേടിച്ചാകാം സച്ചിനും ദ്രാവിഡുമൊക്കെ തങ്ങള്‍ക്ക് കിട്ടിയ ആ സൗഭാഗ്യം വലിച്ചെറിഞ്ഞത്.