കുല്‍ദീപ് 'കില്‍'ദീപായി... വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡ്, സെവാഗിനൊപ്പം ഇനി ധവാന്‍

ദുബായ്: ഏഷ്യാ കപ്പില്‍ ജയത്തോടെ തുടങ്ങാനായതിന്റെ ആശ്വാസത്തിലാണ് നിലവിലെ ജേതാക്കളായ ടീം ഇന്ത്യ. ചൊവ്വാഴ്ച നടന്ന തങ്ങളുടെ ആദ്യ മല്‍സരത്തില്‍ അസോസിയേറ്റ് ടീമുകളിലൊന്നായ ഹോങ്കോങ് ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരു ഘട്ടത്തില്‍ അട്ടിമറിത്തോല്‍വി പോലും ഇന്ത്യ ഭയന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഹോങ്കാങിന്റെ അനുഭവസമ്പത്തിലായ്മ മുതലെടുത്തു ഇന്ത്യ കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു.
ഈ മല്‍സരത്തില്‍ ഇരുടീമിലെയും ചില താരങ്ങള്‍ പുതിയ നേട്ടങ്ങള്‍ക്കു അവകാശികളായിരുന്നു. അവ എന്തൊക്കെയെന്നു നോക്കാം.

വേഗത്തില്‍ 50 വിക്കറ്റ്
മല്‍സരത്തില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റെടുത്തിരുന്നു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കി. 24 മല്‍സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് വിക്കറ്റ് വേട്ടയില്‍ ഫിഫ്റ്റി തികച്ചത്. 32 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകളെന്ന അമിത് മിശ്രയുടെ പേരിലായിരുന്ന റെക്കോര്‍ഡ് താരം മറികടക്കുകയായിരുന്നു.
19 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകളെടുത്ത ലങ്കന്‍ സ്പിന്നര്‍ അമിത് മിശ്രയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. രണ്ടാംസ്ഥാനത്ത് കുല്‍ദീപാണ്.

അന്‍ഷുമാന്‍- നിസാഖാത്ത് ജോടിക്ക് റെക്കോര്‍ഡ്
ഏകദിനത്തിലെ ഹോങ്കോങിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ അന്‍ഷുമാന്‍ രത്തും നിസാഖാത്ത് ഖാനും ഇന്ത്യക്കെതിരേ നേടിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 174 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 2016ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഇവര്‍ തന്നെ സ്ഥാപിച്ച 170 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

അഗാര്‍ക്കറിന് പിന്നില്‍ കുല്‍ദീപ്
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി കുല്‍ദീപ് മാറി. നേരിയ വ്യത്യാസത്തിലാണ് താരം രണ്ടാമതായത്. മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ 23 മല്‍സരങ്ങളില്‍ നിന്നാണ് 50 വിക്കറ്റുകളെടുത്തതെങ്കില്‍ കുല്‍ദീപിന് ഒരു മല്‍സരം കൂടുതല്‍ വേണ്ടിവന്നു.

ശിഖര്‍ ധവാനും നേട്ടം
ഹോങ്കോങിനെതിരേ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കരിയറിലെ 14ാം ഏകദിന സെഞ്ച്വറി നേടിയിരുന്നു. കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ താരമാണ് അദ്ദേഹം. 105 ഇന്നിങ്‌സുകളിലാണ ധവാന്‍ 14ാം സെഞ്ച്വറി കണ്ടെത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (103 ഇന്നിങ്‌സ്) ഈ ലിസ്റ്റില്‍ തൊട്ടു മുകളിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (84 ഇന്നിങ്‌സ്), ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (98) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

സെവാഗിനൊപ്പം ധവാന്‍
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിനൊപ്പം ധവാനുമെത്തി. 45 സെഞ്ച്വറികളുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ തലപ്പത്ത്. സൗരവ് ഗാംഗുലി (19), രോഹിത് ശര്‍മ (16) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications