സിഡ്‌നി: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കാരെ ചീത്ത വിളിച്ച് പ്രകോപിപ്പിക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചാല്‍ എങ്ങനെയായിരക്കണം പ്രതികരിക്കേണ്ടത്? അങ്ങോട്ടും തെറിവിളിച്ച് പൊലിപ്പിക്കാമെന്നായിരിക്കും മിക്കവരും കരുതുന്നത്. എന്നാല്‍ നമ്മുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മക്ക് ഇതിന് ഒരു മറുപടിയുണ്ട്.
എന്തൊക്കെ വന്നാലും ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിക്കപ്പെടില്ലെന്നാണ് രോഹിത് ശര്‍മ പറയുന്നത്. കളിക്കിടെ ചീത്ത പറയുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും ഒക്കെ പതിവാണ്. പക്ഷേ ഒന്നും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ പാടില്ലെന്നാണ് രോഹിതിന്റെ പക്ഷം.

എന്തൊക്കെ തന്ത്രങ്ങളാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ഒരുക്കിയിട്ടുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇനി എന്തൊക്കെ തന്ത്രം മെനഞ്ഞാലും ടീം ഇന്ത്യ വകവക്കുന്നില്ലെന്നും രോഹിത് പറയുന്നു.
സ്ലഡ്ജിങ് എന്നാണ് കളിക്കിടയിലെ ഈ തെറിവിളിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കെതിരെ സ്ലഡ്ജിങ് തന്ത്രം ഉപയോഗിക്കും എന്നായിരുന്നു മിച്ചല്‍ ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
കളി ഓസ്‌ട്രേലിയയില്‍ നടക്കുന്നതിനാല്‍ അവര്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പിച്ചിന്റെ സ്വഭാവത്തേയും ഇന്ത്യ ഭയക്കുന്നില്ല. കാരണം മികച്ച ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഇന്ത്യക്ക് സ്വന്തമാണ്. ലോകകപ്പില്‍ അപരാജിതരായിട്ടാണ് ഇന്ത്യ സെമിയില്‍ എത്തുന്നത്. ഇതിവരെയുള്ള എല്ലാ കളികളിലും എതിര്‍ ടീമിനെ ഓളൗട്ടാക്കാനും ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.