ജോഹന്നാസ്ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കാരുടെ കരാര്‍ പ്രശ്നം ഒത്തുതീര്‍ന്നപ്പോള്‍, മത്സരം നടക്കുന്ന രാജ്യത്തെച്ചൊല്ലി തര്‍ക്കം. ഈ തര്‍ക്കം ഇപ്പോള്‍ മത്സരങ്ങളുടെ ഭാവിയെത്തന്നെ പ്രതിസന്ധിയിലെത്തിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്.
സിംബാബ്വേയിലുള്ള തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) അഭ്യര്‍ത്ഥിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങളാണ് ഇംഗ്ലണ്ട് ഇതിന് കാരണമായി ഉന്നയിക്കുന്നത്. എന്നാല്‍ തങ്ങളുടെ ലീഗ് മത്സരങ്ങളേതെങ്കിലും സിംബാവ്വെയ്ക്ക് പുറത്തേക്ക് മാറ്റിയാല്‍ കളിക്കില്ലെന്ന് ഫിബ്രവരി ആറ് വ്യാഴാഴ്ച സിംബാബ്വെ ക്രിക്കറ്റ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
സിംബാബ്വേയിലെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റണോ എന്നത് സംബന്ധിച്ച് ഐസിസി വ്യാഴാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് സിംബാബ്വേയുടെ വെല്ലുവിളി. സിംബാബ്വെയിലെ ഹരാരയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മത്സരം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാന്‍ ഐസിസിയുടെ സാങ്കേതിക കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് സിംബാബ്വെ ക്രിക്കറ്റ് യൂണിയന്റെ ഈ തീരുമാനം.
സൂപ്പര്‍ സിക്സ് ഘട്ടത്തില്‍ മാത്രമേ കളിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയുള്ളൂവെന്നും ഗ്രൂപ്പ് മത്സരങ്ങളിലെ ആറ് കളികളേതെങ്കിലും രാജ്യത്തിന് പുറത്തേക്ക് മാറ്റിയാല്‍ കളിക്കില്ലെന്നും യൂണിയന്‍ ചെയര്‍മാന്‍ പീറ്റര്‍ ചിങ്കോക പറഞ്ഞു.
ആസ്ത്രേല്യയും സിംബാവ്വെയില്‍ കളിക്കുന്നതിന് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.