ധാക്ക: റെക്കോഡുകള്‍ പിറന്നുവീണ ധാക്ക ടെസ്റില്‍ 11-ാം നമ്പര്‍ ബാറ്റ്സ്മാനായി ഇറങ്ങിയ സഹീര്‍ഖാനും ലോകറെക്കോഡ് സ്ഥാപിച്ചു. ടെസ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സില്‍ പതിനൊന്നാമനായി ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്ന റെക്കോഡാണ് സഹീര്‍ തന്റെ പേരിലാക്കിയത്.
ഒമ്പത് വിക്കറ്റുകള്‍ വീണതിന് ശേഷം ക്രീസിലെത്തി ഉറച്ചുനിന്നു പോരാടി 75 റണ്‍സ് നേടിയ സഹീര്‍ഖാന്‍ ന്യൂസിലാന്റിന്റെ റിച്ചാര്‍ഡ് കോളിംഗ്സിന്റെ (68) റെക്കോഡാണ് തകര്‍ത്തത്. സഹീറിന്റെ കന്നി അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.
സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം സഹീര്‍ 133 റണ്‍സിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ മികച്ച 10-ാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1952-53ല്‍ പാകിസ്ഥാനെതിരെ ഗുലാം മുഹമ്മദും എച്ച്. ആര്‍. അധികാരിയും ചേര്‍ന്നുള്ള 109 റണ്‍സിന്റെ റെക്കോഡാണ് സഹീറും സച്ചിനും ചേര്‍ന്ന് തകര്‍ത്തത്.
ഒന്നാം ഇന്നിംഗ്സില്‍ 526 റണ്‍സിന് ഇന്ത്യ പുറത്താവുമ്പോള്‍ 248 റണ്‍സോടെ സച്ചിന്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സച്ചിന്‍ ഞായറാഴ്ച ടെസ്റ് ക്രിക്കറ്റില്‍ നാല് ഇരട്ട സെഞ്ച്വറി നേടിയ ഗവാസ്കറുടെ റെക്കോഡിനൊപ്പമെത്തി. കഴിഞ്ഞ ദിവസം 34 സെഞ്ച്വറി നേടി ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന സുനില്‍ ഗവാസ്കറുടെ റെക്കോഡിനൊപ്പം സച്ചിനെത്തിയിരുന്നു.
ധാക്ക ടെസ്റില്‍ ഇന്ത്യ വിജയത്തോട് അടുക്കുകയാണ്. അഞ്ച് വിക്കറ്റുകള്‍ കൊയ്ത് രണ്ടാം ഇന്നിംഗ്സിലും ഇര്‍ഫാന്‍ പത്താന്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ബാംഗ്ലാദേശിന്റെ നില പരുങ്ങലിലായി. ഒന്നാം ഇന്നിംഗ്സില്‍ 342 റണ്‍സിന്റെ ലീഡുള്ള ഇന്ത്യക്കെതിരെ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴിന് 127 എന്ന നിലയിലാണ് ബാംഗ്ലാദേശ്.