ബാംഗ്ലൂര്‍: ടെസ്റ് ക്രിക്കറ്റില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്റെ റോളില്‍ ബാറ്റിംഗിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഒരുങ്ങുകയാണെന്ന് യുവരാജ് സിംഗ്. ജൂണ്‍ 14 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു യുവരാജ് സിംഗ്. ഏഷ്യാകപ്പിനുള്ള സാധ്യതാ ഇന്ത്യന്‍ ടീമിന്റെ പരിശീലനക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവരാജ് സിംഗ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് യുവരാജ് സിംഗിനെ ടെസ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്റെ സ്ഥാനത്ത് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത്. ഓപ്പണര്‍ സ്ഥാനത്തേയ്ക്കുള്ള അവസരം കൂറ്റന്‍ സ്കോര്‍ അടിച്ചെടുക്കാന്‍ ഉപയോഗിക്കുമെന്നും പുതിയ റോളിനെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും യുവരാജ് പറഞ്ഞു.
ബാറ്റിംഗ് ക്രമത്തില്‍ ഒരു മാറ്റമുണ്ടാവുകയാണ്. എന്റെ സ്ഥാനം മുകളിലേക്ക് നീങ്ങുകയാണ്. അതിനായി ഞാന്‍ ഒരുങ്ങുകയാണ്. പുതിയ പന്തിനെ നേരിട്ട് പരിചയം നേടുക. ഇതെന്തായാലും വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ്. - യുവരാജ് സിംഗ് പറഞ്ഞു.
പുതിയ പന്തിനെ നേരിടുന്നതില്‍ വിജയിച്ചാല്‍ കൂറ്റന്‍ സ്കോര്‍ അടിച്ചെടുക്കാനാവുമെന്ന മെച്ചമുണ്ട്. അതുകൊണ്ടാണ് ഈ വെല്ലുവിളിയെ ആകാംക്ഷയോടെ ഞാന്‍ നോക്കുന്നത്. - യുവരാജ് പറഞ്ഞു.
പുതിയ റോളില്‍ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് ബാറ്റിംഗില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തില്ലെന്നായിരുന്നു യുവരാജിന്റെ മറുപടി. പുതിയ പന്തിനെ നേരിടുക എന്നതാണ് പ്രധാനം. ഇതിന് മാനസികാവസ്ഥയില്‍ മാറ്റം വരുത്തുകയും വേണം. - യുവരാജ് ചൂണ്ടിക്കാട്ടി. താന്‍ വീരേന്ദര്‍ സെവാഗിന്റെ പാത പിന്തുടരുമെന്നും നേരത്തെ മധ്യനിരയില്‍ നിന്നും ഓപ്പണിംഗ് സ്ഥാനത്തേയ്ക്കുയര്‍ന്ന ബാറ്റ്സ്മാനാണ് സെവാഗെന്നും യുവാജ് പറഞ്ഞു.