വിന്‍ഡീസിന് നാടകീയ ജയം
ബ്രിസ്ബേന്‍: ഏകദിന ക്രിക്കറ്റിന്റെ നാടകീയതയും അനിശ്ചിതത്വവും മുറ്റിനിന്ന മത്സരത്തില്‍ വെസ്റിന്‍ഡീസിന് വിജയം. ആസ്ത്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ മത്സരത്തില്‍ അവര്‍ സിംബാബ്വെയെ ഒരു വിക്കറ്റിന് തോല്പിച്ചു.
സിംബാബ്വെ പടുത്തുയര്‍ത്തിയ 240 റണ്‍സ് മറികടക്കാന്‍ വെസ്റിന്‍ഡീസിന് കഴിഞ്ഞത് 48.4 ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കുമ്പോഴാണ്. ഒരു ഘട്ടത്തില്‍ ഏഴിന് 228 എന്ന നിലയില്‍ നിന്നിരുന്ന വെസ്റിന്‍ഡീസിന് 12 റണ്‍സിനുള്ളില്‍ രണ്ടു വിക്കറ്റ് കൂടി നഷ്ടപ്പെട്ടപ്പോള്‍ സിംബാബ്വെ വിജയം മണത്തതാണ്. എന്നാല്‍ 90 പന്തില്‍ നിന്ന് 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിക്കാര്‍ഡോ പവലിന്റെ മനശക്തിക്കു മുന്നില്‍ അവര്‍ക്ക് തോറ്റു കൊടുക്കേണ്ടി വന്നു.
നാലിന് 119 എന്ന നിലയില്‍ വെസ്റിന്‍ഡീസ് വിയര്‍ക്കുമ്പോഴാണ് പവല്‍ ക്രീസിലെത്തുന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ ക്രമത്തില്‍ വീണു കൊണ്ടിരുന്നപ്പോഴും പവല്‍ ഉറച്ചു നിന്നു. ഒമ്പത് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിംഗ്സ്. ഷെര്‍വിന്‍ കാംബെല്‍ 42ഉം എം. സാമുവല്‍സ് 34ഉം റണ്‍സെടുത്തു. ബ്രയാന്‍ ലാറ 21 റണ്‍സിന് പുറത്തായി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ ഓപ്പണര്‍ അലിസ്റര്‍ കാംബെലിന്റെ മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 240 റണ്‍സെടുത്തു.
ആദ്യമത്സരത്തില്‍ ആസ്ത്രേലിയയോട് തോറ്റിരുന്ന വെസ്റിന്‍ഡീസിന് ഇത് മധുരമുള്ള വിജയമായി. ജനവരി 14 ഞായറാഴ്ച വിന്‍ഡീസ് വീണ്ടും ആസ്ത്രേലിയയെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications