കൊളംബോ: മധ്യനിര ബാറ്റ്സ്മാന്മാര്‍ ഒരിക്കല്‍ക്കൂടി പതറിയതോടെ ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്വിയിലേക്ക്. നാലാം ദിവസമായ സപ്തംബര്‍ ഒന്ന് ശനിയാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുണ്ട്.
ഇന്നിംഗ്സ് തോല്വി ഒഴിവാക്കാണമെങ്കില്‍ ഇനിയും 159 റണ്‍സ് വേണം. പ്രധാന ബാറ്റ്സ്മാന്മാരൊക്കെ പവലിയനിലെത്തിയ സ്ഥിതിക്ക് ഇന്ത്യയ്ക്ക് ഇത് തീരെ അപ്രാപ്യമാണെന്നാണ് കണക്കുകൂട്ടല്‍. നാലാംദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സോടെ ഹേമാംഗ് ബദാനിയും നാല് റണ്‍സോടെ സമീര്‍ ദീഗെയുമാണ് ക്രീസില്‍.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയില്‍ ശനിയാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച ശിവ് സുന്ദര്‍ദാസും സദഗോപന്‍ രമേശും കരുതലോടെയാണ് തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സെഞ്ച്വറി ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സഖ്യം പിരിഞ്ഞത്. 107ല്‍ വച്ച് 68 റണ്‍സെടുത്ത ദാസിനെ മുരളീധരന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ തിലകരത്നെപുറത്താക്കി.
വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായി ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകാന്‍ രമേശ് ശ്രമിച്ചെങ്കിലും മുരളീധരന്‍ വീണ്ടും ആഞ്ഞടിച്ചു. 55 റണ്‍സെടുത്ത രമേശിന്റെ കുറ്റി തെറിക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 147. പിന്നീടങ്ങോട്ട് പതിവ് പല്ലവി ആവര്‍ത്തിച്ചു. രാഹുല്‍ ദ്രാവിഡും (36) മുഹമ്മദ് കൈഫും (5) റണ്ണൗട്ടായി. ഇല്ലാത്ത റണ്ണിന് ഓടിയാണ് ദ്രാവിഡ് പുറത്തായതെങ്കില്‍ കൈഫിന്റെ പുറത്താകലിന് പിന്നില്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ അശ്രദ്ധയായിരുന്നു.
സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ ക്യാപ്റ്റനും പിന്നീട് തോറ്റുമടങ്ങി. 30 റണ്‍സെടുത്ത ഗാംഗുലിയെ സമരവീരയുടെ പന്തില്‍ ജയവര്‍ധനെ പിടികൂടി. സനത് ജയസൂര്യയുടെ പന്ത് പാഡ് കൊണ്ട് തടുത്തിടാന്‍ ശ്രമിച്ച സായ്രാജ് ബഹുതുലെയ്ക്കു തന്റെ ലെഗ്സ്റമ്പ് തെറിക്കുന്നത് നിശ്ചലനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
തോല്‍വി മുന്നില്‍ക്കണ്ട് കളിച്ച ഇന്ത്യന്‍ കളിക്കാര്‍ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നു എന്നത് മാത്രമാണ് എടുത്തു പറയാനുള്ളത്. വാലറ്റത്തെ ശേഷിച്ച നാല് വിക്കറ്റുകള്‍ എത്രയും പെട്ടെന്ന് കടപുഴക്കി വിജയം കൈപിടിയിലൊതുക്കാനായിരിക്കും ഞായറാഴ്ച ശ്രീലങ്കയുടെ ശ്രമം.