ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐക്കു മുമ്പാകെ ഹാജരാകാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്ജോത് സിംഗ് സിദ്ദുവിന് സമന്‍സ്.
കഴിഞ്ഞമാസം സി.ബി.ഐക്ക് മൊഴി നല്‍കിയ സിദ്ദു മനോജ് പ്രഭാകര്‍ കപില്‍ദേവിനെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ചിരുന്നു. ശ്രീലങ്കയില്‍ 94-ല്‍ നടന്ന സിംഗര്‍ കപ്പില്‍ കളി തോറ്റു കൊടുക്കാന്‍ കപില്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പ്രഭാകര്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ പ്രഭാകര്‍ തന്റെ ആരോപണം തെളിയിക്കുന്നതിനായി രഹസ്യമായി ചിത്രീകരിച്ച വീഡിയോ ടേപ്പുകള്‍ സി.ബി.ഐയെ ഏല്‍പിച്ചതോടെയാണ് സിദ്ദുവിനെ വീണ്ടും മൊഴിയെടുപ്പിനായി വിളിച്ചിരിക്കുന്നത്. പ്രഭാകറും സിദ്ദുവും തമ്മിലുള്ള സംഭാഷണവും ടേപ്പിലുണ്ടെന്ന് കരുതുന്നു. സംഭാഷണത്തിനിടയില്‍ പ്രഭാകറിന്റെ ആരോപണം സമ്മതിക്കുന്ന രീതിയില്‍ സിദ്ദു ചില കാര്യങ്ങള്‍ പറയുന്നുണ്ടെന്നും കരുതുന്നു.
കപില്‍ദേവ് തനിക്ക് കോഴ വാഗ്ദാനം ചെയ്തതിന് സിദ്ദു ദൃക്സാക്ഷിയാണെന്ന് പ്രഭാകര്‍ സി.ബി.ഐക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു. സിദ്ദുവിന് പുറമെ മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ അജിത് വഡേക്കറിന്റെ മൊഴിയും സി.ബി.ഐ വീണ്ടുമെടുക്കും.
അതിനിടെ എത്രയും പെട്ടെന്നു തന്നെ സി.ബി.ഐയുടെ മുന്നില്‍ ഹാജരാകുമെന്ന് സിദ്ദു പാട്യാലയില്‍ വെച്ച് വ്യക്തമാക്കി.