ദില്ലി: സപ്തംബര്‍ 10ന് ആരംഭിയ്ക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടാവില്ല. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് സച്ചിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് ടീം മാനേജര്‍ ഗൗതം ദാസ്ഗുപ്ത പറഞ്ഞു.
സച്ചിന്റെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരിക്കുകയാണ്. ഏഷ്യാകപ്പിലും നാറ്റ്വെസ്റ് ട്രോഫിയിലും ത്രിരാഷ്ട്രക്കപ്പിലും തോറ്റ ഇന്ത്യ ആത്മവിശ്വാസം ചോര്‍ന്നുപോയ നിലയിലാണിപ്പോള്‍.
ടീം ഡോക്ടര്‍ ആന്‍ഡ്രൂ ലെയ്പസ് ആണ് സച്ചിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് അറിയിച്ചത്. അടുത്ത രണ്ടാഴ്ചത്തേയ്ക്ക് സച്ചിന് ഒന്നും ചെയ്യാനാവില്ലെന്ന് ആന്‍ഡ്രൂ ലെയ്പസ് പറഞ്ഞു. ടീമില്‍ സച്ചിന് പകരം രോഹന്‍ ഗവാസ്കറെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
നാല് ദേശീയ സെലക്ടര്‍മാരാണ് സച്ചിനെ ഒഴിവാക്കി പകരം രോഹന്‍ ഗവാസ്കറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി പ്രൊഫ. രത്നാകര്‍ ഷെട്ടി പറഞ്ഞു.
സപ്തംബര്‍ 11നാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യത്തെ കളി. കെനിയയാണ് എതിരാളി. ബര്‍മിംഗ്ഹാമില്‍ എഡ്ഗ്ബാസ്റണില്‍ സപ്തംബര്‍ 19ന് ഇന്ത്യ പാകിസ്ഥാനെ നേരിടും.