ജോഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റിനെ അധിക്ഷേപിച്ചതായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫിനെതിരെ ആരോപണം.
ഫിബ്രവരി 11 ചൊവാഴ്ച നടന്ന പാകിസ്ഥാന്‍-ഓസ്ട്രേലിയ മത്സരത്തിനിടയില്‍ ലത്തീഫ് ഗില്‍ക്രിസ്റിനെ അധിക്ഷേപിച്ചുകൊണ്ട് അട്ടഹസിച്ചുവെന്നാണ് ആരോപണം. വര്‍ണ്ണവിവേചനം ഉള്‍ക്കൊള്ളുന്ന ചീത്തവാക്കാണ് ലത്തീഫ് ഗില്‍ക്രൈസ്റിനെതിരെ ഉപയോഗിച്ചതെന്ന് പറയുന്നു.
ഗില്‍ ക്രിസ്റ് ടീം മാനേജ്മെന്റിന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാച്ച് റഫറി ക്ലൈവ് ലോയിഡിന് മുന്നില്‍ പരാതിയെത്തി. ലോയ്ഡ് ഇരുവരുടെയും വിശദീകരണം കേട്ടു. ഒപ്പം ഇരു രാജ്യങ്ങളുടെയും മാനേജര്‍മാരുടെ വിശദീകരണവും ക്ലൈവ് ലോയ്ഡ് കേട്ടു. ഒരിക്കല്‍ കൂടി കളിക്കാരുമായും മാനേജര്‍മാരുമായും സംസാരിച്ച ശേഷം മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. കഴിഞ്ഞ മാസം ശ്രീലങ്ക- ആസ്തേല്യ മത്സരത്തിനിടയില്‍ ഇതുപോലെ ഒരു ചീത്തവിളി നടത്തിയതിന്റെ പേരില്‍ ആസ്ത്രേല്യയുടെ ഡാറന്‍ ലെഹ്മാനെ അഞ്ചു കളികളില്‍ നിന്ന് വിലക്കിയിട്ടുള്ള ആളാണ് ക്ലൈവ് ലോയ്ഡ്.
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ഒരു ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍ സൈമണ്‍സ് അതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. മത്സരത്തില്‍ തുടര്‍ന്ന് പന്തെറിയുന്നതിന് അമ്പയര്‍ വഖാറിനെ വിലക്കുകയും ചെയ്തു. അധികം വൈകാതെയാണ് ഗില്‍ക്രിസ്റിനെ ലത്തീഫ് അധിക്ഷേപിച്ചത്.