ദില്ലി:ഭൂകമ്പ ദുരിതാശ്വാസത്തിന് പണമുണ്ടാക്കാന്‍ ഷാര്‍ജയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി അനുമതി നിഷേധിച്ചു.
ബിസിസിഐ ആണ് പണം സമാഹരിക്കാന്‍ ഒരു ത്രിരാഷ്ട്ര ഏകദിനക്രിക്കറ്റ് ഷാര്‍ജയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ക്രിക്കറ്റ് മത്സരം ഷാര്‍ജയില്‍ സംഘടിപ്പിക്കേണ്ടെന്ന് ഫിബ്രവരി മൂന്ന് ശനിയാഴ്ച ഉമാഭാരതി പറഞ്ഞു.
20 കോടി സമാഹരിക്കാന്‍ ഷാര്‍ജയില്‍ ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കാനുള്ള ബിസിസിഐ യുടെ തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു. അതേ സമയം ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും തമ്മില്‍ ഒരു മത്സരം സംഘടിപ്പിച്ചാലും ഈ തുക സമാഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ ഭൂകമ്പദുരിതാശ്വാസമെത്തിക്കാന്‍ 20 കോടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ യും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറെടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് പിന്തുണ നല്കിയതായി ബിസിസിഐ സെക്രട്ടറി ജെ. വൈ. ലെലെ ഫിബ്രവരി രണ്ട് ശനിയാഴ്ച പ്രസ്താവന നടത്തിയിരുന്നു.