ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയ തീരുമാനം പുനപരിശോധികകണമെന്നാവശ്യപ്പെട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രത്യേക ദൗത്യ സംഘം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും.
ഇതിനായി നവംബര്‍ 28 ചൊവാഴ്ച എ സി സി സംഘം കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രി ഉമാഭാരതിയുമായി കൂടിക്കാണും.
ഇന്ത്യയുടെ പാക് പര്യടനം റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന് എ സി സി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എ സി സി പ്രസിഡന്റും ശ്രീലങ്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റുമായ തിലാങ്ക സുമിതപാല, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സബിര്‍ ഹൊസൈന്‍ ചൗധരി, മലേഷ്യന്‍ കിരീടാവകാശി തുങ്കു ഇമ്രാന്‍ രാജകുമാരന്‍ എന്നിവരാണ് എ സി സിയുടെ ദൗത്യസംഘത്തിലെ അംഗങ്ങള്‍.
ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷാവസ്ഥയാണ് പര്യടനം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.