ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം ഇന്ത്യാ സര്‍ക്കാര്‍ റദ്ദാക്കിയതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) അതൃപ്തി.
പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) താല്പര്യം പ്രകടിപ്പിച്ചിട്ടും സ്പോര്‍ട്സ് മന്ത്രാലയം അതിന് അനുമതി നിഷേധിച്ചത് തന്നെ ഞെട്ടിപ്പിച്ചിച്ചതായി പിസിബി പ്രസിഡണ്ട് ജനറല്‍ തൗഖീര്‍ സിയ പറഞ്ഞു.
കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതിയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകേണ്ടതെന്ന് തീരുമാനിച്ചത്.
വരുന്ന ഡിസംബറിലായിരുന്നു നിര്‍ദ്ദിഷ്ട പര്യടനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നടക്കുന്ന പര്യടനത്തില്‍ മൂന്നു ടെസ്റുകളും അഞ്ച് ഏകദിന മത്സരങ്ങളുമാണുണ്ടായിരുന്നത്.
കശ്മീര്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് 1989നു ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ ടെസ്റ് പരമ്പര കളിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീം ഒരു ഏകദിന മത്സരം മാത്രമാണ് പാക്കിസ്ഥാനില്‍ കളിച്ചത്. എന്നാല്‍ 99ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലെത്തി മൂന്നു ടെസ്റുകളുള്ള പരമ്പരയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യ പര്യടനം റദ്ദാക്കിയ സ്ഥിതിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) പരാതി കൊടുക്കുമെന്ന് സിയ സൂചിപ്പിച്ചു. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഇനി ഞങ്ങള്‍ക്ക് പുനഃപരിശോധിക്കേണ്ടിവരും. പര്യടനം റദ്ദാക്കിയതിനെക്കുറിച്ച് ഐസിസിയില്‍ പരാതിയും നല്‍കും - സിയ പറഞ്ഞു.
ഇന്ത്യ പര്യടനം റദ്ദാക്കിയതോടെ ഏപ്രിലില്‍ നടക്കുന്ന ഷാര്‍ജ കപ്പിന്റെയും അടുത്ത ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഭാവി തുലാസിലായിരിക്കുകയാണെന്ന് സിയ പറഞ്ഞു. ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും ഈ ടൂര്‍ണമെന്റുകളുമായി പാക്കിസ്ഥാന്‍ മുന്നോട്ടു പോകുമെന്നും സിയ വ്യക്തമാക്കി.