കൊളംബോ: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക മൂന്നു വിക്കറ്റിന് 115 റണ്ണെടുത്തു. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ആകെ 42 ഓവര്‍ മാത്രമേ ബൗള്‍ ചെയ്തുള്ളൂ.
ശ്രീലങ്കയുടെ ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടു ബാറ്റിംഗില്‍ തുടരുന്ന ഫോമാണ് ഒന്നാം ദിവസത്തെ കളിയില്‍ എടുത്തുപറയാവുന്ന സവിശേഷത. വെളിച്ചക്കുറവു കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ അട്ടപ്പട്ടു 50 റണ്ണെടുത്ത് പുറത്താവാതെ നില്‍ക്കുകയാണ്. രണ്ടു റണ്ണെടുത്ത മഹേല ജയവര്‍ധനെയാണ് കൂട്ട്.
ടോസ് നേടി ബാറ്റിംഗാരംഭിച്ച ശ്രീലങ്കക്ക് 56 റണ്ണെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 26 റണ്ണെടുത്ത ക്യാപ്റ്റന്‍ സനത് ജയസൂര്യയെ വഖാര്‍ യൂനിസിന്റെ പന്തില്‍ യൂനിസ് ഖാന്‍ പിടി കൂടിയപ്പോള്‍ റസ്സല്‍ ആര്‍നോള്‍ഡിനെ വഖാര്‍തന്നെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാം വിക്കറ്റിന് ഒത്തു ചേര്‍ന്ന അരവിന്ദ ഡിസില്‍വയും (30) അട്ടപ്പട്ടുവും ചേര്‍ന്നാണ് ശ്രീലങ്കയെ സാമാന്യം ഭേദപ്പെട്ട നിലയിലെത്തിച്ചത്.