Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിനോട് വിട- എന്നെന്നേയ്ക്കുമായി ...

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനോട് താന്‍ എന്നെന്നേയ്ക്കുമായി വിട പറയുകയാണെന്ന് കപില്‍ദേവ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തു നിന്ന് രാജി വച്ചു കൊണ്ടുള്ള കത്തിലാണ് കപില്‍ വേദനയോടെ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് തനിക്ക് എല്ലാ പേരും പെരുമയും തന്നെങ്കിലും ഏതോ ഒരു മൂന്നാം കക്ഷിയുടെ ദുരാരോപണ ത്തില്‍ തട്ടി അതെല്ലാം തകര്‍ന്നുവെന്ന് ഇന്ത്യയുടെ എക്കാലത്തേയും പ്രഗത്ഭനായ കളിക്കാരന്‍ വിലപിക്കുന്നു. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് എ.സി.മുത്തയ്യയ്ക്ക് കപില്‍ അയച്ച രാജിക്കത്തിന്റെ പൂര്‍ണരൂപം താഴെക്കൊടുക്കുന്നു.

വിഷയം: നന്ദി, ഇന്ത്യന്‍ ക്രിക്കറ്റിനോട് വിട

പ്രിയപ്പെട്ട സര്‍,

ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ സംഭവങ്ങള്‍ക്കു ശേഷവും എന്നെ കോച്ചായി നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചതിനെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ ഞാന്‍ സ്വയം രാജി വയ്ക്കുകയാണ്. പല കാരണങ്ങള്‍ ഉണ്ട് , ഈ തീരുമാനത്തിനു പിന്നില്‍...

ആദ്യമേ തന്നെ പറയട്ടേ, വിവാദങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ രാജി വയ്ക്കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ എന്താണു ചെയ്തതെന്നതിനെപ്പറ്റി എനിക്ക് ഉറച്ച ബോധ്യമുള്ളതിനാലും അല്ലെങ്കില്‍ എന്താണ് ചെയ്യാതിരുന്നതെന്ന് ബോധ്യമുള്ളതിനാലും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ആരോപണങ്ങളുടെ പുകമറ ഒഴിവാക്കുന്നതു കാത്തിരിക്കുകയായിരുന്നു. അപവാദപ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ രാജി വയ്ക്കാതിരുന്നത് അക്കാര്യത്തില്‍ കുറ്റബോധത്തിന്റെ അംശം കാണരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പേ എനിക്ക് ഈ തീരുമാനം പ്രഖ്യാപിക്കേണ്ടി വന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കുട്ടികളുടെ ക്യാംപ് തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് വരുന്നതു വരെ എനിക്ക് കാത്തിരിക്കാന്‍ നിര്‍വാഹമില്ല. പൂര്‍ത്തിയാക്കാനാവാത്ത ഒരു ജോലി ഏറ്റെടുക്കുന്നതില്‍ എനിക്ക് താത്പര്യം ഇല്ല. ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന കളിയുടെ താത്പര്യം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ പിന്‍വാങ്ങുന്നത്.

എന്നാല്‍ എനിക്ക് പേരും പെരുമയും ധാരാളം ഉണ്ടാക്കിത്തരുകയും അതേ നാണയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ദുരാരോപണത്തെത്തുടര്‍ന്ന് അവയൊക്കെ തിരിച്ചെടുക്കുകയും ചെയ്ത കളിയോടു വിട ചൊല്ലുന്നതിനു മുമ്പ് ചില പ്രശ്നങ്ങളെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്ന കളിയുടെ നിലനില്‍പിനു വേണ്ടി മാത്രമാ ണിത്.

ഞാന്‍ ഇതുവരെ പറഞ്ഞിരുന്ന കാര്യങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അതൊന്നു കൂടെ ഉറപ്പിക്കുകയും ചെയ്യുന്നു. പ്രധാനമായി ക്രിക്കറ്റിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കണമെങ്കില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൂടുതല്‍ പ്രഫഷണലിസം കാണിക്കേണ്ടിയിരിക്കുന്നു. നാം തുടങ്ങിയേടത്തു നിന്ന് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ മേഖലയിലും പുതുരക്തങ്ങളെ കൊണ്ടുവരുമ്പോള്‍ ക്രിക്കറ്റ് മാത്രം എന്തിന് ഒഴിഞ്ഞു നില്‍ക്കണം. കാലം മാറുകയാണ്...നാം അതു ചെയ്തില്ലെങ്കില്‍ കൂടുതല്‍ താഴ്ചയിലേയ്ക്കായിരിക്കും നമ്മുടെ പോക്ക്. പ്രഫഷണലിസത്തെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഇവിടെ സംഭവിച്ച ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ.

എന്നെ കോച്ചായി നിയമിച്ചുകൊണ്ടും പിന്നീട് അതിന്റെ കാലാവധി നീട്ടിക്കൊണ്ടുമുള്ള ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ഞാന്‍ അറിയുന്നതിനും മുമ്പ് മാധ്യമങ്ങള്‍ അറിഞ്ഞുവെന്നത് ദു:ഖകരമായ സത്യമാണ്. എന്റെ നിയമനം ഞാന്‍ അറിയുന്നതു തന്നെ മാധ്യമങ്ങള്‍ വഴി ആയിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കത്ത് താങ്കള്‍ക്കു തന്നെ നേരിട്ടെഴുതുന്നത്.

ഏറാന്‍ മൂളികളെയല്ല ശക്തരായ ആള്‍ക്കാരെയാണ് ഇത്തരം സ്ഥാനങ്ങളിലേയ്ക്ക് ബോര്‍ഡ് കണ്ടെത്തേണ്ടത്. ഏറാന്‍മൂളികള്‍ അധികൃതര്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ അതുകൊണ്ട് കളിക്കെന്താണു പ്രയോജനം? എന്നെ കോച്ചായി നിയമിച്ചതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഞാന്‍ ഒരിക്കലും ഒരു ഏറാന്‍മൂളി ആയിരുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്.

എന്റെ കഴിവിലോ യോഗ്യതയിലോ ആര്‍ക്കും വിശ്വാസമില്ലായിരുന്നു. ഓരോ അവസരത്തിലും എന്നെ അടിച്ചിരുത്തുകയായിരുന്നു. ഇതൊക്കെ ഞാന്‍ സഹിച്ചു. എന്നാല്‍ ഇനിയും വരുന്ന കോച്ചിനോടെങ്കിലും അല്‍പം ദയവു കാട്ടണമെന്ന് ബോര്‍ഡിനോടഭ്യര്‍ത്ഥിക്കുകയാണ്. കളിയുടെ ക്ഷേമമാണ് നിങ്ങളുടെയൊക്കെ മനസിലെങ്കില്‍ അയാള്‍ക്ക് അര്‍ഹമായ പരിഗണനയും ബഹുമാനവും നല്‍കുക...

ഇത് നമ്മുടെ പേശികള്‍ മുറുക്കി യുദ്ധം ചെയ്യേണ്ട സമയമല്ല. കൊലചെയ്യപ്പെട്ടിരിക്കുന്ന കളിയ്ക്ക് പതുക്കെയെങ്കിലും ജീവന്‍ നല്‍കേണ്ട സമയമാണ്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന കുട്ടികളോട് എനിക്ക് സഹതാപമുണ്ട്. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് അവരുടെ വാതില്‍ കൊട്ടിയടയ്ക്കരുതായിരുന്നു. ദയവായി കുറ്റം ചെയ്തവരെ ശിക്ഷിക്കുക. എന്നാല്‍ കുറ്റക്കാരാണെന്നു തെളിയിക്കപ്പെടുന്നതിനുമുമ്പ് ആരേയും കശാപ്പു ചെയ്യരുതേ...നിരപരാധികള്‍ക്ക് തിരികെ ജീവന്‍ നല്‍കാന്‍ നിങ്ങള്‍ക്കു കഴിയില്ല. നിഷ്കളങ്കരാണെങ്കിലും ഈ അപമാനഭാരവുമായി അവര്‍ ജീവിതം തള്ളിനീക്കേണ്ടി വരും

സര്‍,

സത്യസന്ധമായും ആത്മാര്‍ത്ഥമായും ആണു ഞാന്‍ ഈ കത്തെഴുതുന്നത്. വലിയ വേദനയും മുറിവുമായാണ് ഞാന്‍ കഴിയുന്നത്. കാലം അവയെ ഉണക്കുമെന്ന് പ്രത്യാശിക്കുകയാണ്. ഞാന്‍ ക്രിക്കറ്റിനെ അത്രമാത്രം സ്നേഹിക്കുന്നു. എല്ലാത്തിനും കളിയോടും രാജ്യത്തോടും കടപ്പെട്ടിരിക്കുന്നു.

കളിയിലേയ്ക്ക് പൂര്‍ണമായും മടങ്ങാത്തതില്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്താറുണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ വിമര്‍ശകര്‍ പറയുന്നത് കുറെയൊക്കെ ശരിയാണന്നു തോന്നിയിട്ടാണ് കോച്ചിന്റെ ജോലി ഏറ്റെടുത്തത്. എന്നാല്‍ ഇന്ന് ഞാന്‍ എല്ലാത്തില്‍ നിന്നും നടന്നകലുകയാണ്...യാതൊതു കുറ്റബോധവും ഖേദവുമില്ലാതെ...

എനിക്കെല്ലാം നല്‍കിയ കളി തന്നെ എന്നില്‍ നിന്നും അതിന്റെ പ്രതിഫലമെന്നോണം ഒരു റാത്തല്‍ മാംസം തന്നെ തൂക്കിയെടുത്തിരിക്കുന്നു...ഇപ്പോള്‍ ഞാന്‍ പോകുന്നു.തിരിഞ്ഞു നോക്കാതെ...

ഭാവിയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും എന്നെ ബന്ധപ്പെടുത്താതിരുന്നാല്‍ സന്തോഷം ഉണ്ടായിരിക്കും. ഈശ്വരകൃപയാല്‍ ഞാന്‍ കളിക്കളത്തില്‍ ആര്‍ക്കും മായ്ച്ചുകളയാനാവാത്ത ചിലതൊക്കെ ചെയ്തിട്ടുണ്ട്. മുന്നോട്ടു ജീവിക്കാന്‍ എനിക്കതൊക്കെ ധാരാളം.

ബോര്‍ഡിലും കളിക്കളത്തിലുമുള്ള എന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്ലതു മാത്രം ആശംസിക്കുന്നു. സന്ദര്‍ഭവശാല്‍ ആരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടയായാല്‍ അപ്പോഴേയ്ക്കും എന്നിലുള്ള മുറിവുകളില്‍ ചിലതെങ്കിലും കാലം മായ്ച്ചേക്കുമെന്നു കരുതുന്നു. അവരെയെല്ലാം പുഞ്ചിരിയോടെ മാത്രം അഭിവാദ്യം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...

ഇന്ത്യന്‍ ക്രിക്കറ്റേ വിട...

ആശംസകളോടെ
കപില്‍ദേവ്

സ്വകാര്യം: മിടുക്കനായക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയവന്ത് ലെലെയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍. പുതിയ ഒരു ചാട്ടവാറടിക്കാരനു വേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തിനി ആരംഭിക്കാം.

Story first published: Tuesday, September 12, 2000, 5:30 [IST]
Other articles published on Sep 12, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+