കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന സുനില്‍ ഗാവസ്കറുടെ റെക്കോര്‍ഡ് തകര്‍ത്ത വി വി എസ് ലക്ഷ്മണിന്റെ മികച്ച പ്രകടനത്തോടെ ആസ്ത്രേല്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ നില ഭദ്രം.
കല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കണ്ട നാലാം ദിവസം വി വി എസ് ലക്ഷ്മണ്‍ ഇരട്ട സെഞ്ച്വറിയും(275 നോട്ടൗട്ട്) രാഹുല്‍ ദ്രാവിഡ് സെഞ്ച്വറിയും(155 നോട്ടൗട്ട്) നേടിയപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 589 എന്ന ശക്തമായ നിലയിലാണ്.
ഇന്ത്യയ്ക്കു വേണ്ടി ഒരു ടെസ്റ്റില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (236) എന്ന സുനില്‍ ഗാവസ്കറുടെ റെക്കോര്‍ഡാണ് ലക്ഷ്മണ്‍ മറി കടന്നത്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 350 റണ്‍സാണ് ഇന്ത്യയെ രക്ഷിച്ചത്.
മാര്‍ച്ച് 13 ചൊവാഴ്ച ആസ്ത്രേല്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 നെതിരേ 171 റണ്‍സിനു പുറത്തായ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു. മാര്‍ച്ച് 14 ബുധനാഴ്ച രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റിന് 254 എന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യ കളി തുടങ്ങിയത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ നാലു വിക്കറ്റിന് 589.
മൂന്നാം ദിവസം സെഞ്ച്വറി നേടിയ (109) ലക്ഷ്മണ്‍ ബുധനാഴ്ച തലേദിവസം നിര്‍ത്തിയിടത്തു നിന്നും തുടങ്ങുകയായിരുന്നു. ഉജ്ജ്വല ഫോമിലായ ഈ ഹൈദരാബാദുകാരന്‍ ബാറ്റ്സ്മാനെ തളയ്ക്കാന്‍ ലോക പ്രശസ്തമായ ആസ്ത്രേല്യന്‍ ബൗളിംഗ് നിരയ്ക്കായില്ല. ഷെയ്ണ്‍ വോണും മക്ഗ്രാത്തുമുള്‍പ്പെട്ട പ്രഗത്ഭരെ തുടര്‍ച്ചയായി ബൗണ്ടറിയിലേയ്്്ക്കു പായിച്ച് ലക്ഷ്മണ്‍ ഡബിള്‍ സെഞ്ച്വറിയും നേടി.
ലക്ഷ്മണിനു ശക്തമായ പിന്തുണ നല്‍കുന്നതിനോടൊപ്പം തന്നെ മറു വശത്ത് ദ്രാവിഡും ആസ്ത്രേലിയന്‍ ബൗളര്‍മാരെ അടിച്ചു പരത്തി, തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി നേടി.
ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് , അഞ്ചാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടായി മാറി. അവര്‍ നേടിയ 350റണ്‍സ് 1985 ല്‍ മുഹ്മമദ് അസ്ഹറുദ്ദീനും രവി ശാസ്ത്രിയും കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 215 റണ്‍സിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി.
ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ഇന്ത്യന്‍ കളിക്കാരന്‍ എന്ന ബഹുമതിയും ഇനി ലക്ഷ്മണിനു സ്വന്തം. 41 ബൗണ്ടറികളാണ് ആ ബാറ്റില്‍ നിന്നും ഒഴുകിയത്.
നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 315 റണ്‍സിന് ലീഡ് ചെയ്യുന്നു.