നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിംബാബ്വെയെ 64 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലാണ്ട് സെമിഫൈനലില്‍ കടന്നു. ഒക്ടോബര്‍ 11-ന് നടക്കുന്ന ആദ്യസെമിയില്‍ അവര്‍ പാകിസ്ഥാനെ നേരിടും.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലാണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടിയായി 42.2 ഓവറില്‍ 201 റണ്‍സെടുക്കാനേ സിംബാബ്വെക്ക് സാധിച്ചുള്ളൂ.
തുടക്കത്തില്‍ പതറിയെങ്കിലും 111 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത റോജര്‍ ട്വോസിന്റെ അവസരോചിതമായ ബാറ്റിംഗാണ് ന്യൂസിലാണ്ടിന് വിജയം സമ്മാനിച്ചത്. 57 റണ്‍സെടുക്കുമ്പോഴേക്കും ന്യൂസിലാണ്ടിന്റെ ഓപ്പണര്‍മാരായ നഥാന്‍ ആസിലും (0) ക്രെയ്ഗ് സ്പിയര്‍മാനും (20) പുറത്തായി.
ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗും (34) ഓള്‍റൗണ്ടര്‍ ക്രിസ് കെയിന്‍സും (13) പെട്ടെന്നു പുറത്തായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രെയ്ഗ് മക്മില്ലനുമൊത്ത് (52) 95 റണ്‍സിന്റെ കൂട്ടുകെട്ട് ട്വോസ് പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ആദം പറോറി (20) ന്യൂസിലാണ്ടിന്റെ സ്കോര്‍ 250 കടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ ഒരിക്കലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. 24 റണ്‍സാകുമ്പോഴേക്കും അവരുടെ ആദ്യവിക്കറ്റു വീണു. രണ്ടാം വിക്കറ്റില്‍ അലിസ്റര്‍ കാംബലും (47) കാര്‍ലൈലും (67) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് സിംബാബ്വെ ഇന്നിംഗ്സിലെ മികച്ച അധ്യായം. പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്കുള്ള ഘോഷയാത്ര തുടങ്ങിയപ്പോള്‍ ഗേവിറ്റാളും (26) ഹീത്ത് സ്ട്രീക്കും (20) മാത്രമാണ് അല്പമെങ്കിലും ചെറുത്തു നിന്നത്.