Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യാ-ന്യൂസിലാണ്ട് ഫൈനല്‍ ഞായറാഴ്ച

ബാംഗ്ലൂര്‍: ഒക്ടോബര്‍ 15-ന് ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ എട്ടു മണിക്കൂറോളം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം കണ്ണുകള്‍ നൈറോബി ജിംഖാന ഗ്രൗണ്ടിലേക്കായിരിക്കും. അവിടെ വാതുവെപ്പിന്റെയും കോഴവിവാദത്തിന്റെയും നാണക്കടിേല്‍ നിന്ന് മോചിതരായി ഒരു തിരിച്ചുവരവിനൊരുങ്ങാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ രംഗത്തിറങ്ങുകയാണ്. ഐസിസി അന്താരാഷ്ട്ര നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂസിലാണ്ടിനെ നേരിടാനായി.

ഇന്ത്യയാകെ പടര്‍ന്ന കോഴവിവാദത്തിന്റെയും ആദായനികുതി വകുപ്പു റെയ്ഡിന്റെയും ഫലമായി ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിച്ച കളങ്കം തുടച്ചു കളയുക എന്നതായിരിക്കും ട്രോഫി നേടുന്നതിനേക്കാള്‍ ഇന്ത്യന്‍ ടീം ലക്ഷ്യം വെക്കുക. ഒരു ടൂര്‍ണമെന്റ് വിജയം കൊണ്ടു മാത്രം തുടച്ചുകളയാവുന്ന കളങ്കമല്ല കോഴവിവാദം ഇന്ത്യന്‍ ക്രിക്കറ്റിന് വരുത്തിവെച്ചതെങ്കിലും.

ഈ മഹദ്യജ്ഞത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ യുവതാരങ്ങളായ യുവ്രാജ് സിംഹും സഹീര്‍ഖാനും വിജയ് ദാഹിയയും തന്നെയായിരിക്കും. കോഴവിവാദത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്ഥാനം നഷ്ടപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജക്കും ശേഷം ടീമില്‍ ഇടം കണ്ടെത്തിയവര്‍. ഈ ടൂര്‍ണമെന്റില്‍ ആദ്യ മൂന്നു മത്സരങ്ങളും കളിക്കാന്‍ ലഭിച്ച അവസരം അവര്‍ ശരിക്കും മുതലാക്കിയതിന്റെ ഫലമായാണ് ഇന്ത്യ ഫൈനല്‍ കണ്ടത്.

യുവരക്തത്തോടൊപ്പം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരുടെ പരിചയ സമ്പത്തും ചേരുമ്പോള്‍ ഇന്ത്യ ട്രോഫി നേടാതിരിക്കാന്‍ സാധ്യതയൊന്നും കാണുന്നില്ല. പ്രത്യേകിച്ചും ക്വാര്‍ട്ടറില്‍ ലോകചാമ്പ്യന്മാരായ ആസ്ത്രേലിയയെയും സെമിയില്‍ ദക്ഷിണാഫ്രിക്കയെയും തോല്പിക്കാന്‍ ഇന്ത്യ പ്രകടിപ്പിച്ച കില്ലര്‍ ഇന്‍സ്റിന്‍ക്റ്റ് ഓര്‍ക്കുമ്പോള്‍.

പക്ഷേ ന്യൂസിലാണ്ടിനെയും എഴുതിത്തള്ളാന്‍ കഴിയില്ല. പ്രതിഭാസമ്പന്നമായ പാകിസ്ഥാന്‍ നിരയെ സെമിയില്‍ നാലു വിക്കറ്റിനു തകര്‍ത്താണ് അവര്‍ ഫൈനലിന് അര്‍ഹത നേടിയത്. ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗ്, റോജര്‍ ട്വോസ്, ക്രെയ്ഗ് മക്മില്ലന്‍ എന്നിവര്‍ നയിക്കുന്ന ബാറ്റിംഗ് നിര ലോകത്തെ ഏതു മികച്ച ബൗളിംഗ് നിരയ്ക്കും ഭീഷണിയാണ്. അല്പമെങ്കിലും ദൗര്‍ബല്യമുള്ളത് ബൗളിംഗ് നിരയില്‍ മാത്രം.

ന്യൂസിലാണ്ടിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെയായിരിക്കും ഇന്ത്യ ഫൈനലിനിറങ്ങുക. എതിരാളികളുടെ ബൗളിംഗ് ദൗര്‍ബല്യത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തണമെങ്കില്‍ ടെണ്ടുല്‍ക്കറും ഗാംഗുലിയും മികച്ച തുടക്കം നല്‍കേണ്ടിവരും.

വിന്നിംഗ് കോമ്പിനേഷനെ നിലനിര്‍ത്തുന്നതാണ് കീഴ്വഴക്കമെങ്കിലും ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം പ്രതീക്ഷിച്ചുകൂടായ്കയില്ല. ഫോമിലല്ലാത്ത അജിത് അഗാര്‍ക്കറിനു പകരം സ്പിന്നര്‍ സുനില്‍ ജോഷി ടീമിലെത്തിയേക്കും. പ്രത്യേകിച്ചും മികച്ച സ്പിന്നിനെതിരെ കളിക്കാന്‍ ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍.

എന്തായാലും ചുണ്ടോളം എത്തിച്ച കപ്പ് തട്ടിത്താഴെയിടാന്‍ ഗാംഗുലിയും ഫ്ലെമിംഗും എളുപ്പം തയ്യാറാകിനിടയില്ല. രണ്ടു ടീമുകളും തങ്ങളുടെ കഴിവിനോട് നീതി പുലര്‍ത്തുകയാണെങ്കില്‍ മികച്ച ഒരു കളിയാണ് ഞായറാഴ്ച ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്.

Story first published: Saturday, October 14, 2000, 23:53 [IST]
Other articles published on Oct 14, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+