ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യടെസ്റിന്റെ ഒന്നാം ദിവസം ഇന്ത്യയുടെ പ്രകടനം തീരെ മങ്ങിയതായി. അഞ്ച് വിക്കറ്റിന് 163 റണ്‍സ് മാത്രമേ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്കെടുക്കാനായുള്ളൂ.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. സദ്ഗോപന്‍ രമേഷും ശിവസുന്ദര്‍ദാസും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ശ്രീലങ്കന്‍ ബൗളര്‍മാരെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചു.
സ്കോര്‍ 79ല്‍ എത്തിനില്‍ക്കെ ആദ്യവിക്കറ്റ് വീണു. 42 റണ്‍സെടുത്ത രമേഷിനെ മുരളീധരനാണ് പുറത്താക്കിയത്. തുടര്നെത്തിയ മൊഹമ്മദ് കെയ്ഫും ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ പ്രതിരോധത്തിലൂന്നി ബാറ്റ് വീശി. സ്കോര്‍ 105ലെത്തി നില്‍ക്കെ ദാസിനെ (40) വാസ് പുറത്താക്കി.
തുടര്‍ന്നെത്തിയവരെല്ലാം ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നതാണ് കണ്ടത്. 12 റണ്‍സെടുക്കുമ്പോഴേക്കും രാഹുല്‍ ദ്രാവിഡ് പുറത്തായി. അടുത്തത് കെയ്ഫിന്റെ (37) ഊഴമായിരുന്നു. ഫെര്‍ണാഡോയുടെ പന്തില്‍ കെയ്ഫ് ക്ലീന്‍ ബൗള്‍ഡായി.
ആറ് റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും അടുത്ത വിക്കറ്റും വീണു. ഫെര്‍ണാഡോയുടെ പന്തില്‍ സംഗാക്കര പിടിച്ചു പുറത്താക്കിയ ഹേമംഗ് ബദാനിയെടുത്തത് ആറ് റണ്‍സ് മാത്രമാണ്.
കളി നിര്‍ത്തുമ്പോള്‍ സൗരവ് ഗാംഗുലിയും (10) സമീര്‍ ദിഗെയും (രണ്ട് ) ആണ് ക്രീസില്‍.