പാകിസ്ഥാനുമായി ക്രിക്കറ്റ്: ഉമാഭാരതി ഇടയുന്നു
മെയ് 28, 2001
ദില്ലി: ഏഷ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കറാച്ചിയില്‍ വച്ച് ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) തീരുമാനത്തിനെതിരെ സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി രംഗത്ത്.
ഇക്കാര്യത്തില്‍ സ്പോര്‍ട്സ് വകുപ്പിന്റെ എതിര്‍പ്പ് ബിസിസിഐയെ ഉമാഭാരതി അറിയിച്ചുകഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ബിസിസിഐ അമിതസ്വാതന്ത്യ്രം എടുക്കാന്‍ പാടില്ലെന്ന് മെയ് 28 തിങ്കളാഴ്ച ഉമാഭാരതി പറഞ്ഞു.
പാകിസ്ഥാനില്‍ പോയി കളിക്കുന്നതിന് ബിസിസിഐ ആദ്യം ചെയ്യേണ്ടത് സ്പോര്‍ട്സ് മന്ത്രാലയത്തിന് നിര്‍ദേശം എഴുതി സമര്‍പ്പിക്കണം. ഇത് സ്പോര്‍ട്സ് മന്ത്രാലയം വിദേശകാര്യവകുപ്പിന് അയച്ചുകൊടുക്കും. വിദേശകാര്യവകുപ്പ് അംഗീകരിച്ചാല്‍ മാത്രമേ കളിക്കാന്‍ കഴിയുകയുള്ളുവെന്നും ഉമാഭാരതി വ്യക്തമാക്കി.
പാകിസ്ഥാനുമായി ഇന്ത്യന്‍ ടീം കളിക്കാതിരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മില്‍ നടത്താനുദ്ദേശിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാവില്ലേ എന്ന ചോദ്യത്തിന് ക്രിക്കറ്റ് കളി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നായിരുന്നു ഉമയുടെ മറുപടി. ബന്ധം വഷളായത് കൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് നടക്കാതിരിക്കുന്നതെന്നും ഉമ വിശദീകരിച്ചു.