ഡര്‍ബന്‍: ഇന്ത്യ-കെനിയ സെമിഫൈനല്‍ മത്സരം നടക്കുന്ന ഡര്‍ബനില്‍ ക്രിക്കറ്റ് താരങ്ങളേക്കാള്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നത് സിനിമാ താരങ്ങള്‍. അവരില്‍ നിന്ന് ഓട്ടോഗ്രാഫുകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ് ഇന്ത്യക്കാരായ ആരാധകര്‍.
ബോളിവുഡ് ഒന്നടങ്കം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുകയാണ്. സഹാറയുടെ പ്രത്യേക വിമാനത്തിലാണ് സിനിമാതാരങ്ങള്‍ എത്തിയത്. അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, ഐശ്വര്യ റായ്, ബിപാഷ ബസു, മനീഷ കൊയ്രാള, പ്രീതി സിന്റ എന്നിവര്‍ താരസംഘത്തിലുണ്ട്. റാണി മുഖര്‍ജി, ഗോവിന്ദ, വിവേക് ഒബ്റോയി, രവീണ ടണ്ടന്‍, അനില്‍ കപൂര്‍, ബോണി കപൂര്‍, ശ്രീദേവി, സുനില്‍ ഷെട്ടി, ഡേവിഡ് ധവാന്‍, ഫര്‍ദീര്‍ ഖാന്‍, ട്വിങ്കിള്‍ ഖന്ന എന്നിവരും സഹാറയുടെ പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡര്‍ബനില്‍ എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ എത്തുമെന്നറിയിച്ചെങ്കിലും അവസാനനിമിഷം അസുഖം മൂലം യാത്ര റദ്ദാക്കി.
ഇതിനെല്ലാം പുറമെ രാഷ്ട്രീയക്കാരുടെ ഒരു സംഘവും എത്തിയിട്ടുണ്ട്. മദ്യവ്യവസായിയും രാജ്യസഭാ എംപിയുമായ വിജയ് മല്ല്യയുടെ സ്വന്തം വിമാനത്തിലാണ് രാഷ്ട്രീയ താരങ്ങളും ഫാഷന്‍ രംഗത്തുനിന്നുള്ളവരും എത്തിയിരിക്കുന്നത്. മല്ല്യയുടെ ഈ പ്രത്യേക വിമാനത്തിന്റെ പേര് തന്നെ ക്രിക്കറ്റ് എക്സ്പ്രസ് എന്നാണ്. ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, രാജീവ് ശുക്ല, ഫാഷന്‍ ഡിസൈനര്‍ റിതു ബേരി, മുന്‍ സിനിമാതാരം നഫീസ അലി എന്നിവര്‍ ഈ സംഘത്തിലുണ്ട്.
ഇന്ത്യന്‍ ടീമിന് പ്രചോദനം നല്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. ബോളിവുഡ് താരങ്ങളെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ആവേശമുണര്‍ത്തിയിട്ടുണ്ട്.