ദില്ലി: പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളികാണാന്‍ പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ തീവണ്ടിയില്‍ തിരക്കേറുന്നു. തിരക്ക് കണക്കിലെടുത്ത് വണ്ടിയില്‍ രണ്ട് എസി കോച്ചുകള്‍ കൂടി റെയില്‍വേ ഉള്‍പ്പെടുത്തി.
മാര്‍ച്ച് 19, മാര്‍ച്ച് 21 എന്നീ തീയതികളിലാണ് ക്രിക്കറ്റ് സ്പെഷ്യല്‍ തീവണ്ടികള്‍ ദില്ലിയില്‍ നിന്ന് പുറപ്പെടുന്നത്. തീവണ്ടികളില്‍ ഒരു എസി കോച്ച്, ആറ് രണ്ടാംക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, ആറ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ എന്നിങ്ങനെയാണ് റെയില്‍വേ ഉദ്ദേശിച്ചിരുന്നത്.
ഇതില്‍ മാര്‍ച്ച് 19ന് പുറപ്പെടുന്ന തീവണ്ടിക്കുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി അരമണിക്കൂറിനകം എസി കോച്ചിലെ 72 ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ആവശ്യക്കാരുടെ നിരയാണെങ്കില്‍ നീണ്ടതും. ഇതാണ് രണ്ട് എസി കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. എന്നാല്‍ പുതുതായി ഏര്‍പ്പെടുത്തിയ രണ്ട് എസി കോച്ചുകളിലേയും ടിക്കറ്റുകള്‍ ഏതാണ്ട് വിറ്റുതീര്‍ന്നു.
സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളിലെ 250 ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി പഞ്ചാബിലെ അട്ടാരി വരെയേ പോകൂ. അവിടെ നിന്നും പാകിസ്ഥാന്‍ റെയില്‍വേയാണ് യാത്രക്കാരെ പാകിസ്ഥാനിലെ ലാഹോറിലേക്ക് കൊണ്ടുപോവുക.