മുംബൈ: ഒരു ടീമിന്റെ ഓപ്പണര്‍ ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റനാണെന്ന് മുന്‍ ഇന്ത്യന്‍ ടെസ്റ് ടീം ക്യാപ്റ്റന്‍മാരായ പോളി ഉമ്രിഗര്‍, നരി കോണ്‍ട്രോക്ടര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ആകാശ് ചോപ്രയെയോ സഞ്ജയ് ബംഗാറിനെയോ പോലെ പ്രതിരോധിച്ച് കളിക്കുന്ന ഒരു ഓപ്പണിംഗ് പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്ന ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വീരേന്ദ്ര സെവാഗിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു മുന്‍ക്യാപ്റ്റന്‍മാര്‍.
തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കണമെന്ന് സെവാഗ് എങ്ങനെയാണ് പറയുക? കോച്ചുമായും ടീമിലെ മുതിര്‍ന്ന കളിക്കാരുമായും ആലോചിച്ച് ക്യാപ്റ്റനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്- ഉമ്രിഗര്‍ പറഞ്ഞു.
സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്യാതെ സെവാഗ് എങ്ങനെയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയെന്ന് കോണ്‍ട്രാക്ടര്‍ ചോദിച്ചു. ക്യാപ്റ്റനും സെലക്ടര്‍മാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.