ലാഹോര്‍: ഒടുവില്‍ ഗാംഗുലിയും സംഘവും പാകിസ്ഥാന്‍ മണ്ണില്‍ ചരിത്രം കുറിച്ചു. പാകിസ്ഥാനില്‍ ആദ്യമായി ഒരു പരമ്പര വിജയം. 3-2ന് ഏകദിനപരമ്പര സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍ അത് സാധ്യമാക്കി.
40 റണ്‍സിനാണ് ലാഹോറില്‍ നടന്ന അവസാനത്തെ ഏകദിന മത്സരം ഇന്ത്യ വിജയിച്ചത്. നന്നായി ബാറ്റ് ചെയ്യാവുന്ന പിച്ചില്‍ ഇര്‍ഫാന്‍ പത്താന്റെ നേതൃത്വത്തിലുള്ള ബൗളിഗ് നിര പാകിസ്ഥാന്റെ ബാറ്റ്സ്മാന്മാരെ കൂച്ചുവിലങ്ങിട്ടപ്പോള്‍ ചരിത്രവിജയം വന്നണയുകയായിരുന്നു. 13 പന്ത് ബാക്കി നില്‍ക്കെ 263 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ വിജയസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
ആദ്യ 15 ഓവറുകളില്‍ തന്നെ പാകിസ്ഥാന്റെ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇര്‍ഫാന്‍ പത്താന്റെ മൂര്‍ച്ചയേറിയ ബൗളിംഗിന് മുന്നില്‍ തകര്‍ന്നുപോയ പാകിസ്ഥാന്റെ പതനം മുരളി കാര്‍ത്തിക്കിന്റെ പന്തില്‍ ബൗണ്ടറി ലൈനിനടുത്തുവച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിടിച്ച് ഇന്‍സമാം ഉള്‍ഹഖ് പുറത്തായതോടെ പൂര്‍ത്തിയായി.
ഇന്ത്യക്ക് വേണ്ടി പത്താന്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്താന്റെ ആദ്യസ്പെല്ലില്‍ തന്നെയായിരുന്നു മൂന്നുവിക്കറ്റുകളും പിഴുതത്. ബാലാജിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുരളി കാര്‍ത്തികും സെവാഗും സഹീര്‍ഖഫനും ഓരോ വിക്കറ്റ് വീഴ്ത്തി.
107 റണ്‍സ് നേടിയ വി. വി. എസ്. ലക്ഷ്മണാണ് മാന്‍ ഒഫ് ദി മാച്ച്. പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖാണ് മാന്‍ ഒഫ് ദി സീരിസ്.
ഇന്ത്യയ്ക്ക് 293 റണ്‍സ്
സമയം 6:30 പിഎം
മാര്‍ച്ച് 24, 2004
50 ഓവറില്‍ നിന്നായി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് ഇന്ത്യ നേടിയത്. പാകിസ്ഥാന് വിജയം കാണാന്‍ 294 റണ്‍സ് നേടണം.
മികച്ച പ്രകടനം കാഴ്ച വച്ച ലക്ഷമണ്‍ സെഞ്ചുറി നേടിയാണ് പുറത്തായത്. 107 റണ്‍സ് നേടി തന്റെ റണ്‍ വേട്ട തുടരുന്നതിനിടയില്‍ മുഹമ്മദ് സാമിയുടെ പന്ത് സോയബ് മാലിക്കിന്റെ കൈയില്‍ പെടുകയായിരുന്നു. തന്റെ റണ്‍ വേട്ടയ്ക്ക് ശക്തിയേകാനായി 11 ബൗണ്ടറികളും ലക്ഷമണ്‍ നേടി. 18റണ്‍സ് നേടിയപ്പോഴാണ് യുവരാജ് സിഹ് പുറത്തായത്. ഇന്‍സമാമിന്റെ പന്ത് സബീര്‍ അഹമ്മദ് പിടിച്ചായിരുന്നു അത്. 16 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് കൈഫും പുറത്തായി. തൗഫീക്ക് ഉമറിനായിരുന്നു ആ വിക്കറ്റ്. പന്ത് കൈയ്ക്കലാക്കിയത് മുഹമ്മദ് സാമിയും.
കളി അവസാനിയ്ക്കുമ്പോള്‍ പഥാനും ബാലാജിയുമാണ് ക്രീസിലുണ്ടായിരുന്നത്. പഥാന്‍ പന്ത്രണ്ട് പന്തില്‍ നിന്ന് 20 റണ്ണും ബാലാജി ആറ് പന്തില്‍ നിന്ന് പത്ത് റണ്‍സുമാണ് നേടിയത്.
ലക്ഷണും ഗാംഗുലിയും ചേര്‍ന്നാണ് ഇന്ത്യയുടെ അടിത്തറ പാകിയത്. ഗാംഗുലി പിന്നീട് പുറത്തായെങ്കിലും ലക്ഷണ്‍ തന്റെ മികച്ച പ്രകടനം തുടര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമാവുമായിരുന്നു.
ഇന്ത്യ നാലിന് 212
സമയം 5:30 പിഎം
മാര്‍ച്ച് 24, 2004
ഇന്ത്യ നാല് വിക്കറ്റിന് 212റണ്‍സ് നേടി കളി തുടരുകയാണ്. 86 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്ന ലക്ഷമണാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നത്. യുവരാജ് സിഹാണ് ഒപ്പം ക്രീസില്‍. ഇനി ഇന്ത്യയ്ക്ക് പത്ത് ഓവറുകള്‍ കൂടിയാണ് കളിയ്ക്കാനുള്ളത്.
45 റണ്‍സ് നേടിയപ്പോഴാണ് ഗാംഗുലി മോയിന്‍ ഖാന്റെ പന്തിന് സോയബ് അഖ്തര്‍ പിടിച്ച് പുറത്തായത്. പിന്നീട് വന്ന ദ്രാവിഡ് നാല് റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് സാമിയുടെ പന്തിന് ബൗള്‍ടായി.
ഇന്ത്യ രണ്ടിന് 169
മാര്‍ച്ച് 24, 2004
ലാഹോര്‍: വി. വി. എസ്. ലക്ഷ്മണിന്റെയും സൗരവ് ഗാംഗുലിയുടെയും മികച്ച കൂട്ടുകെട്ട് പാകിസ്ഥാനുമായുള്ള അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുന്നു.
32 ഓവറില്‍ രണ്ടു വിക്കറ്റിന് 169 എന്ന നിലയിലാണ് ഇന്ത്യ. ക്രീസിലുള്ള വി. വി. എസ്. ലക്ഷ്മണും (64 പന്തില്‍ നിന്ന് 61) സൗരവ് ഗാംഗുലിയും (41) പാകിസ്ഥാന്‍ ബൗളര്‍മാരെ ധീരതയോടെ നേരിട്ടു. രണ്ട് വിക്കറ്റിന് 79 എന്ന നിലയിലായിരുന്നപ്പോഴാണ് ലക്ഷ്മണും ഗാംഗുലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ആരംഭിച്ചത്.
ഓപ്പണര്‍മാരായ വീരേന്ദ്ര സെവാഗിന്റെയും (22 പന്തില്‍ നിന്ന് 20) സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (37) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആറാമത്തെ ഓവറില്‍ ഷബിര്‍ അഹമ്മദിന്റെ പന്തില്‍ മൊയിന്‍ഖാന്‍ പിടിച്ചാണ് സെവാഗ് പുറത്തായത്. മുഹമ്മദ് സാമിയുടെ പന്തില്‍ ടെണ്ടുല്‍ക്കറെയും മൊയിന്‍ഖാനാണ് പിടിച്ചുപുറത്താക്കിയത്.
ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപ്പണര്‍ ഷാഹിദ് അഫ്രിഡിക്ക് പകരം തൗഫിക് ഉമറുമായാണ് പാകിസ്ഥാന്‍ കളിക്കാനിറങ്ങിയത്.