സമയം 8:06പിഎം
ജോഹന്നാസ് ബര്‍ഗ്: ആസ്ത്രേല്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ ശ്രമിച്ച ഇന്ത്യ അനായാസം തോല്‍വി ഏറ്റുവാങ്ങുന്നു. ആദ്യ ഓവറില്‍ സച്ചിന്റെ വിക്കറ്റ് വീണപ്പോള്‍ തന്നെ ഇന്ത്യയുടെ തോല്‍വി ഉറപ്പായിരുന്നു. പിന്നീട് ഗാംഗുലിയും സെവാഗും കൂടി നല്ലൊരു സ്കോര്‍ പടുത്തുയര്‍ത്തുമെന്ന് തോന്നി. പക്ഷെ ഗാംഗുലി അധികം വൈകാതെ പുറത്തായി. തുടര്‍ന്ന് വന്ന മുഹമ്മദ് കൈഫ് അധികം നിന്നില്ല.
ഒടുവില്‍ ദ്രാവിഡും സെവാഗും കൂടി കൂട്ട് കെട്ട് പടുത്തുയര്‍ത്തുന്നതിനിടയിലാണ് 17ാം ഓവറില്‍ കനത്ത മഴ വന്നത്. മഴ ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നി. കാരണം 25 ഓവറെങ്കിലും ഇന്ത്യയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ആദ്യം മുതലേ അടുത്ത ദിവസം കളിയ്ക്കേണ്ടി വരും. പക്ഷെ മഴ അധികം നീണ്ടുനിന്നില്ല.
വീണ്ടും സെവാഗും ദ്രാവിഡും കൂടി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കുമെന്ന് തോന്നിയിരുന്നു. പക്ഷെ സെവാഗിനെ പുറത്താക്കിയതോടെ ആസ്ത്രേല്യ വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 360 റണ്‍സ്
സമയം 5:00
ജോഹന്നാസ്ബര്‍ഗ്: റിക്കി പോണ്ടിംഗിന്റെ ഡാരില്‍ മാര്‍ട്ടിന്റെയും ഉജ്ജ്വല ബാറ്റിംഗോടെ ആസ്ത്രേല്യ 50 ഓവറില്‍ 359 റണ്‍സെടുത്തു. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണിത്.
ഇന്ത്യയ്ക്ക് ഈ ലക്ഷ്യത്തിലെത്താന്‍ ഓവറില്‍ 7.1 റണ്‍സെങ്കിലും എടുക്കണം. ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ പോണ്ടിംഗിന് മുന്നില്‍ വിറകൊണ്ടു. സിക്സുകളും ഫോറുകളും കൊണ്ട് സമ്പന്നമായിരുന്നു പോണ്ടിംഗിന്റെയും മാര്‍ട്ടിന്റെയും ബാറ്റിംഗ്.
പോണ്ടിംഗ് 140 റണ്‍സെടുത്തു. മാര്‍ട്ടിന്‍ 88 റണ്‍സും.
വന്‍സ്കോറിലേക്ക് ആസ്ത്രേല്യ കുതിക്കുന്നു
സമയം 4:34പിഎം
ജോഹന്നാസ്ബര്‍ഗ്: ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെയും ഡാരില്‍ മാര്‍ട്ടിന്റെ ബാറ്റിംഗ് കരുത്തില്‍ ആസ്ത്രേല്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. 44 ഓവര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു കഴിഞ്ഞു.
ഇന്ത്യന്‍ ബൗളര്‍മാരുടെ മനോവീര്യം കെട്ടുകഴിഞ്ഞു. അത്രയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഉഗ്രനടികളാണ് പോണ്ടിംഗും മാര്‍ട്ടിനും കെട്ടഴിക്കുന്നത്. റിക്കി പോണ്ടിംഗും- മാര്‍ട്ടിനും ചേര്‍ന്ന് മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ ഇതിനകം 139 പന്തുകള്‍ കളിച്ച് 150 റണ്‍സെടുത്തു കഴിഞ്ഞു. ഇത് ലോകകപ്പിലെ റിക്കാര്‍ഡാണ്.
പോണ്ടിംഗ്- മാര്‍ട്ടിന്‍ സഖ്യം കുതിക്കുന്നു
മാര്‍ച്ച്23, 2003, സമയം 3.45 പിഎം
ജോഹന്നാസ്ബര്‍ഗ്: ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും ഡാരില്‍ മാര്‍ട്ടിനും ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ്. ആദ്യം ഹര്‍ഭജന്‍ നേടിക്കൊടുത്ത മേല്‍ക്കൈ ഇന്ത്യയ്ക്ക് നഷ്ടമാകുന്നു.
ഇപ്പോള്‍ ആസ്ത്രേല്യ 29 ഓവറില്‍ 178 റണ്‍സ് നേടിക്കഴിഞ്ഞു. സച്ചിനെയും സെവാഗിനെയും ബൗളര്‍മാരായി പരീക്ഷിക്കാനുള്ള സൗരവ് ഗാംഗുലിയുടെ ശ്രമം പരാജയപ്പെട്ടു. ഇരു ബൗളര്‍മാരെയും റിക്കി പോണ്ടിംഗും മാര്‍ട്ടിനും ശരിക്കും ശിക്ഷിച്ചു. കഴിഞ്ഞ 57 പന്തുകളില്‍ നിന്നും ഇരുവരും ചേര്‍ന്ന് എടുത്തത് 50 റണ്‍സ്. ഈ കൂട്ടുകെട്ട് തകര്‍ക്കാതെ ഇന്ത്യയ്ക്ക് രക്ഷയില്ല.
ഇന്ത്യ കളിയിലേക്ക് മടങ്ങിവരുന്നു
മാര്‍ച്ച് 23, 2003, സമയം: 3.30 പി എം
ജോഹന്നാസ്ബര്‍ഗ്: ഹര്‍ഭജന്‍ സിംഗിന്റെ കരുത്തില്‍ ഇന്ത്യ കളിയിലേക്ക് മടങ്ങിവരുന്നു. തുടക്കത്തില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പിച്ചിച്ചീന്തുകയായിരുന്നു ആസ്ത്രേല്യയുടെ ഓപ്പണര്‍മാരായ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റും.
ഈ ഘട്ടത്തിലാണ് സൗരവ് ഗാംഗുലി ഹര്‍ഭജന്‍ സിംഗിനെ ആക്രമണച്ചുമതല ഏല്പിച്ചത്. ഏറെ വൈകാതെ മരുന്ന് ഫലിച്ചു. ആദ്യം ഗില്‍ക്രിസ്റാണ് കുടുങ്ങിയത്. വീരേന്ദ്ര സെവാഗിന് ക്യാച്ച്. അധികം വൈകാതെ മാത്യു ഹെയ്ഡനെ രാഹുല്‍ ദ്രാവിഡ് കൈകളിലൊതുക്കി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ആസ്ത്രേല്യയുടെ റണ്‍സ് നിരക്ക് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ 22 ഓവര്‍ പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ 137 റണ്‍സെടുത്തിട്ടുണ്ട്.
വെടിക്കെട്ടോടെ ആസ്ത്രേല്യ തുടങ്ങി
മാര്‍ച്ച് 23 സമയം 2:30പിഎം
ജോഹന്നാസ്ബര്‍ഗ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തെ തകര്‍ത്തുതരിപ്പണമാക്കിക്കൊണ്ട് ആസ്ത്രേല്യയുടെ മുന്നേറ്റം. 14 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടിയിട്ടുണ്ട്.
57 റണ്‍സെടുത്ത ഗ്രില്‍ക്രൈസ്റിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ വീരേന്ദ്ര സെവാഗിന് ക്യാച്ച്. മാര്‍ച്ച് 23 ഞായറാഴ്ച ടോസ് നേടിയ സൗരവ് ഗാംഗുലി ആസ്ത്രേല്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പക്ഷെ ആദം ഗില്‍ക്രിസ്റും മാത്യു ഹെയ്ഡനും തുടക്കം മുതലേ ആക്രമിച്ച് കളിക്കുകയായിരുന്നു.
സഹീര്‍ഖാന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് നേടിക്കൊണ്ടായിരുന്നു ആസ്ത്രേല്യ തുടങ്ങിയത്. സഹീര്‍ഖാനും ശ്രീനാഥും ആസ്ത്രേല്യയ്ക്ക് മുന്നില്‍ പരാജയമായിരുന്നു. ഗാംഗുലി ഇപ്പോള്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കുകയാണ്.