മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ കന്നി പരമ്പര നേട്ടമാണ് ലക്ഷ്യം വെക്കുന്നത്. പരിക്കും ഫോമും ഒരു വശത്ത് ഇന്ത്യക്ക് തലവേദനയാവുന്നുണ്ടെങ്കിലും കോലിയും സംഘവും വലിയ പ്രതീക്ഷയിലാണ്.
രവി ശാസ്ത്രിയെന്ന പരിശീലകന് കീഴില്‍ ഇന്ത്യയുടെ വിദേശ ടെസ്റ്റ് പരമ്പരകളെല്ലാം വളരെ മികച്ചതായിരുന്നു. രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടാനും ഇംഗ്ലണ്ടില്‍ പരമ്പരയില്‍ ലീഡെടുക്കാനും ഇന്ത്യക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തേണ്ടത് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ദ്രാവിഡ് പരിശീലകനായ ശേഷമുള്ള ആദ്യത്തെ വിദേശ പര്യടനമെന്ന നിലയിലും വലിയ പ്രാധാന്യത്തോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ രാഹുല്‍ ദ്രാവിഡിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രിതീന്ദര്‍ സോധി. 'വലിയ വെല്ലുവിളിയാണ് രാഹുല്‍ ദ്രാവിഡിന് മുന്നിലുള്ളത്. സമീപകാലത്തെ പ്രശ്‌നങ്ങള്‍ക്ക് ശേഷം ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകേണ്ടതുണ്ട്. രോഹിത്-കോലി കൂട്ടുകെട്ടിനെ പഴയപോലെ ഒത്തൊരുമയിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്.

ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് തുറന്നുകാട്ടേണ്ടത് ദ്രാവിഡാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വളരെ വ്യത്യസ്തമായതാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ബാറ്റിങ് പ്രകടനം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ബൗളിങ് കരുത്തുള്ളതിനാല്‍ രാഹുല്‍ ദ്രാവിഡ് കഠിനമായി അധ്വാനിക്കേണ്ടി വരും'-സോധി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പേസ് ബൗളിങ്ങിന് അനുകൂലമായതാണ്. അതുകൊണ്ട് തന്നെ സന്ദര്‍ശക ബാറ്റിങ് നിരക്ക് തിളങ്ങുക പ്രയാസമാണ്. ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെ സമീപകാല ഫോം വളരെ മോശമാണ്. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനത്തില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. പുജാര 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. കോലിയും സെഞ്ച്വറി നേടിയിട്ട് രണ്ടര വര്‍ഷം പിന്നിടുന്നു.
രഹാനെയുടെ ഈ വര്‍ഷത്തെ ശരാശരി 20 മാത്രമാണ്. രോഹിത് ശര്‍മക്ക് പരിക്കേറ്റ് ടെസ്റ്റ് പരമ്പര നഷ്ടമാത് ടീമിന് വലിയ തിരിച്ചടിയാണ്. രവീന്ദ്ര ജഡേജയും ശുബ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും പരിക്കേറ്റ് ടീമിന് പുറത്താണ്. ജഡേജയുടെ മധ്യനിരയിലെ ബാറ്റിങ് മികവ് ഇന്ത്യക്ക് നികത്താനാവാത്ത വിടവുതന്നെയാണ്. ഈ പ്രതിസന്ധികളെയെല്ലാം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ മറികടക്കേണ്ടതായുണ്ട്.
ബൗളിങ് നിരയില്‍ ആശങ്കകളില്ല. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ രീതിയില്‍ തിരിച്ചാക്രമിക്കാന്‍ ഇന്ത്യക്ക് മികവുണ്ട്. മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ,ശര്‍ദുല്‍ ഠാക്കൂര്‍,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ് എന്നിവരെല്ലാം ഇന്ത്യന്‍ പേസ് നിരയിലുണ്ട്. ആര്‍ അശ്വിനൊപ്പം ജയന്ത് യാദവാണ് സ്പിന്‍ നിരയിലുള്ളത്. ഇതുവരെ ഇന്ത്യക്ക് മികവ് കാട്ടാനാവാത്ത ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ദ്രാവിഡ് ഇഫക്ട് ഉണ്ടാവുമോയെന്നത് കണ്ടറിയണം.
2019ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ 2-1ന് പരമ്പര കൈവിട്ടു. ഇത്തവണ ദ്രാവിഡിന്റെ തന്ത്രങ്ങളില്‍ത്തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. 'ദ്രാവിഡിന് കീഴില്‍ ഇന്ത്യ തട്ടകത്തില്‍ മികവ് കാട്ടിക്കഴിഞ്ഞു. എന്നാല്‍ ഇനിയാണ് ആസിഡ് ടെസ്റ്റ്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് മികവ് കാട്ടാനായാല്‍ ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ അംഗീകാരവും ലഭിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്കും ദ്രാവിഡിനും വലിയ ടെസ്റ്റ് തന്നെയാണിത്'-സോധി പറഞ്ഞു.