റാഞ്ചി: ഇന്ത്യക്കെതിരേ ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം പിന്മാറി. വലതു കൈക്കുഴയ്ക്കേറ്റ പരിക്കു കാരണമാണ് അവസാന ടെസ്റ്റ് താരത്തിനു നഷ്ടമായത്. കൈക്കുഴയിലെ എല്ലിന് പൊട്ടലേറ്റതായി സിടി സ്കാനിങില്‍ തെളിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ സംഘം ഇന്ത്യക്കെതിരായ ടെസ്റ്റില്‍ നിന്നും മര്‍ക്രാമിനെ പിന്‍വലിച്ചതെന്ന് ടീം ഡോക്ടര്‍ ഹഷേന്ദ്ര റാംജി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയാല്‍ വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി സ്പെഷ്യലിസ്റ്റിനെ കാണിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ആദ്യ രണ്ടു ടെസ്റ്റുകളിലും ബാറ്റ്സ്മാനെന്ന നിലയില്‍ ദയനീയ പ്രകടനമാണ് മര്‍ക്രാം അറിയിച്ചത്. വെറും 11 ആയിരുന്നു ഈ ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് തകര്‍ച്ചയ്ക്കു ഒരു പ്രധാന കാരണക്കാരന്‍ കൂടിയാണ് മര്‍ക്രാം. വളരെ ദുഖത്തോടെയാണ് ഇന്ത്യയില്‍ നിന്നു താന്‍ മടങ്ങുന്നതെന്നു മര്‍ക്രാം പറഞ്ഞു.
ധോണിയുടെ ഭാവി... ഇനിയും കളിക്കുമോ? ഗാംഗുലിയുടെ പ്രതികരണം, ആദ്യം അതറിയട്ടെ
തന്റെ ഭാഗത്തു നിന്നു വലിയ വീഴ്ചയാണ് രണ്ടു ടെസ്റ്റുകളിലും സംഭവിച്ചതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ അന്തരീക്ഷത്തില്‍ ഇത് അംഗീകരിക്കാനാവില്ല. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ എല്ലാവരെയും നിരാശപ്പെടുത്തിയതില്‍ ഏറെ ദുഖമുണ്ടെന്നും മര്‍ക്രാം കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പന്‍ ജയ നേടിയ ഇന്ത്യ ഇതിനകം പരമ്പരയില്‍ 2-0ന്റെ അഭേദ്യമായ ലീഡ് നേടിക്കഴിഞ്ഞു.