അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതു ബാറ്റ്സ്മാന്റെയും പേടിസ്വപ്നമായിരുന്ന ബൗളറാണ് ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്ന്. പക്ഷെ ഐപിഎല്ലിലേക്കു വന്നാല്‍ സ്റ്റെയ്നിന് 'പുല്ലുവിലയാണ്' എതിര് ടീം ബാറ്റ്സ്മാന്മാര് നല്‍കുന്നത്. മുന്‍ സീസണുകളിലെ കണക്കുകള്‍ തന്നെയാണ് ഇതിനിനു അടിവരയിടുന്നത്. ഏതായാലും വരാനിരിക്കുന്ന 14ാം സീസണില്‍ സെയ്റ്റ്നിനെ ഒരു ഫ്രാഞ്ചൈസിക്കൊപ്പവും കാണാനാവില്ല.
കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം താരം ഒഴിവാക്കപ്പെട്ടു. ദയനീയ പ്രകടനം തന്നെയായിരുന്നു കാരണം. പുതിയ സീസണില്‍ സ്റ്റെയ്ന് തന്നെ സ്വയം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
കഴിഞ്ഞ രണ്ടു സീസണുകളില്‍ ഐപിഎല്ലിലെ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള ബൗളര്‍മാരെ നോക്കിയാല്‍ സ്റ്റെയ്നാണ് നമ്പര്‍ വണ്‍. ചുരുങ്ങിയത് അഞ്ചോവറെങ്കിലും ബൗള്‍ ചെയ്തിട്ടുള്ളവരെയാണ് പരിഗണിച്ചത്. 15.7 ആണ് സ്റ്റെയ്നിന്റെ ഇക്കോണമി റേറ്റ്. നാട്ടുകാരനായ ഹാര്‍ഡസ് വില്ജ്യോനാണ് സ്റ്റെയ്നിന് തൊട്ടു പിറകിലായി രണ്ടാംസ്ഥാനത്ത്. 15.4 ഇക്കോണമി റേറ്റ് പേസര്‍ കൂടിയായ വില്ജ്യോണിനുണ്ട്.
ലിസ്റ്റിലെ അടുത്ത രണ്ടു പേര് ഇന്ത്യന്‍ താരങ്ങളാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്‍ പേസര്‍ ഉമേശഷ് യാദവും മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 14.4 ആണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി പുതിയ സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഉമേഷിന്റെ ഇക്കോണമി റേറ്റ്. കഴിഞ്ഞ സീസണിനു ശേഷം ആര്‍സിബി ഒഴിവാക്കിയ അദ്ദേഹത്തെ കഴിഞ്ഞ മാസത്തെ ലേലത്തില്‍ ഡല്‍ഹി വാങ്ങുകയായിരുന്നു.
മുംബൈയുടെ തുറുപ്പുചീട്ടായ ഹാര്‍ദിക് ബാറ്റിങില്‍ പല മാച്ച് വിന്നിങ് ഇന്നിങ്സുകളും കളിച്ചിട്ടുണ്ടെങ്കിലും ബൗളിങില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാണിക്കാത്തയാളാണ്. ഹാര്‍ദിക്കിന്റെ ഇക്കോണമി റേറ്റ് 13.9 ആണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്സിനൊപ്പമുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ടോം കറെനാണ് അഞ്ചാംസ്ഥാനത്ത്. 13.7 ഇക്കോണമി റേറ്റിലാണ് കറെന് റണ്‍സ് വിട്ടുകൊടുത്തത്. പുതിയ സീസണില്‍ ഡല്‍ഹി ടീമിനൊപ്പമാണ് ഇംഗ്ലീഷ് താരം.