കേപ്ടൗണ്‍: ഐപിഎല്ലിലെ ആര്‍സിബി ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിക്കുന്ന എബി ഡിവില്ലിയേഴ്‌സ്. 2022ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അടുത്ത സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം എബിഡി ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുന്നു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. 'വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാല്‍ എല്ലാത്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.പൂര്‍ണ്ണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് മത്സരം കളിച്ചിരുന്നത്.ഇപ്പോള്‍ പ്രായം 37 ആയിരിക്കുന്നു.ഈ ജ്വാല ഇനിയും ഏറെ നാള്‍ തിളക്കത്തോടെ ജ്വലിക്കില്ല.'-എന്നാണ് എബിഡി ട്വിറ്ററില്‍ കുറിച്ചത്. എല്ലാവരോടുമുള്ള നന്ദിയും ഡിവില്ലിയേഴ്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുര്‍ണ്ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്നു. അദ്ദേഹം കളിക്കാത്ത ടൂര്‍ണമെന്റുകളിലെന്ന് തന്നെ പറയാം. ബിബിഎല്‍, ഐപിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം അദ്ദേഹം പങ്കെടുത്ത്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിനോട് ബൗളര്‍മാരെ ഭയപ്പെടുത്തിയ മറ്റൊരു ബാറ്റ്‌സ്മാന്‍ ഇല്ലെന്ന് തന്നെ പറയാം.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ്. ഇതില്‍ 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും. 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സ്. ഇതില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും. ഏകദിനത്തിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡ് എബിഡിയുടെ പേരിലാണ്. 78 ടി20യില്‍ നിന്ന് 26.12 ശരാശരിയില്‍ 1672 റണ്‍സും അദ്ദേഹം നേടി. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
എബിഡിയുടെ ബാറ്റിങ് മികവിനെ വേണ്ടത്ര ടി20 ഫോര്‍മാറ്റില്‍ ഉപയോഗിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നില്ല. 184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും. ഡല്‍ഹി ക്യാപ്റ്റന്‍സിലൂടെ ഐപിഎല്ലില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ആര്‍സിബിയിലേക്കെത്തുകയായിരുന്നു. വിരാട് കോലിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന എബിഡി മികച്ച റെക്കോഡുകള്‍ ഐപിഎല്ലില്‍ സൃഷ്ടിച്ചു.
ആര്‍സിബിയില്‍ കോലിയും എബിഡിയും ചേര്‍ന്ന് സൃഷ്ടിച്ച പല റെക്കോഡുകളും ഇന്നും തകര്‍ക്കപ്പെടാതെ തുടരുന്നു. കോലി അവസാന സീസണോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു.പുതിയ സീസണിന് മുമ്പ് മെഗാ ലേലം നടക്കാനിരിക്കെ എബിഡിയെ ആര്‍സിബി നിലനിര്‍ത്തുമോ ഇല്ലെയോ എന്ന ചര്‍ച്ച സജീവമായിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോഴും ആ റെക്കോഡ്.31 പന്തിലാണ് ഏകദിനത്തിലെ വേഗ സെഞ്ച്വറി അദ്ദേഹം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ (47) മൂന്നാമത്തെ താരമാണ് അദ്ദേഹം.
സിക്‌സുകള്‍ അടിച്ചുപറത്തുന്നത് ശീലമാക്കിയ താരമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 378 സിക്‌സുകളാണ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുള്ളത്. ഏകദിന ലോകകപ്പില്‍ 1207 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡ് കോലിയുടെയും എബിഡിയുടെയും പേരിലാണ്. ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത തീരുമാനം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണെന്ന് തന്നെ പറയാം.