കേപ്ടൗണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര. രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 എന്ന നിലയില്‍ മുന്നിലെത്തി. ഓസ്‌ട്രേലിയ 271 റണ്‍സെടുത്തപ്പോള്‍ 48.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. ഡേവിഡ് വാര്‍ണര്‍(35), ആരോണ്‍ ഫിഞ്ച്(69) എന്നിവര്‍ക്കുശേഷം ഡിആര്‍സി ഷോട്ട്(69), മിച്ചല്‍ മാര്‍ഷ്(36), അലക്‌സ് കാരി(21) എന്നിവരും പിന്തുണ നല്‍കിയതോടെയാണ് സ്‌കോര്‍ 271 റണ്‍സിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി 6 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആന്റിച്ച് നോര്‍ജെ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെ റണ്‍സെടുക്കും മുന്‍പേ നഷ്ടമായിട്ടും ജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞു. മലാന്‍(129) സെഞ്ച്വറി നേടിയപ്പോള്‍ സ്മട്‌സ്(41), ക്ലാസ്സെന്‍(51), ഡേവിഡ് മില്ലര്‍(37) എന്നിവരും ആതിഥേയര്‍ക്കുവേണ്ടി തിളങ്ങി. ശനിയാഴ്ച അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ മലാന്‍ വമ്പന്‍ തിരിച്ചുവരവാണ് രണ്ടാം മത്സരത്തില്‍ നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയ ആദം സാപ്പ മാത്രമാണ് ഓസീസ് നിരയില്‍ മികവുകാട്ടിയത്.