കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച 6ന് 626 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മദ്ധ്യയനിര ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്കിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്.
198 പന്തില്‍ 258 റണ്‍സ് നേടിയ സ്റ്റോക്ക് ഏറ്റവും വേഗതയില്‍ 250 റണ്‍സ് നേടിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 150 റണ്‍സ് നേടിയ ബെയര്‍സ്റ്റോ, സ്‌റ്റോക്കിന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 399 റണ്‍സ് എന്ന റെക്കോര്‍ഡ് കൂട്ട് കെട്ടും പടുത്തുയര്‍ത്തി.

153 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റോക്ക് 30 ബൗണ്ടറിയും 11 സിക്‌സറുകളും പറത്തി. അഞ്ച് വിക്കറ്റിന് 317 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട്. അടുത്ത 26 ഓവറില്‍ 500 കടന്നു. മുന്‍നിര ബൗളര്‍ സ്‌റ്റെയിന്റെ അസാനിധ്യത്തില്‍ ദുര്‍ബലമായ ആതിഥേയ ബൗളിംഗ് നിരയെ സ്‌റ്റോക്ക്-ബെയര്‍സ്‌റ്റോ സഖ്യം തലങ്ങും വിലങ്ങും പ്രഹരിച്ചു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് 184 റണ്‍സ് നേടിയിട്ടുണ്ട്. എബി ഡിവില്ലേഴ്‌സ്(52), ഹാഷിം അംല (80) എന്നിവരാണ് ഗ്രീസില്‍.