കേപ്ടൗണില്‍ ഭുവി ഷോ... 300 കടക്കാതെ ദക്ഷിണാഫ്രിക്ക പുറത്ത്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ തുടക്കം മോശമാക്കിയില്ല. കേപ്ടൗണ്‍ ടെസ്റ്റില്‍ ആതിഥേയരെ 300 റണ്‍സിനുള്ളില്‍ എറിഞ്ഞുവീഴ്ത്തി ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു, ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന്... 73.1 ഓവറില്‍ 286 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.
പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തീതുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക നിലംപൊത്തുകയായിരുന്നു. മൂന്നു മുന്‍നിര വിക്കറ്റുകളടക്കം നാലു വിക്കറ്റുകളാണ് ഭുവി പോക്കറ്റിലാക്കിയത്. മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് (65), നിലവിലെ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസ് (65) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയരെ മാന്യമായ സ്‌കോറിലെത്തിച്ചത്. ക്വിന്റണ്‍ ഡികോക്ക് (43), ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
19 ഓവറില്‍ നാലു മെയ്ഡനടക്കം 87 റണ്‍സ് വഴങ്ങിയാണ് ഭുവി നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ക്യാപ്റ്റന്‍ വിരാട് കോലി (5), ശിഖര്‍ ധവാന്‍ (16), മുരളി വിജയ് (1) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 258 റണ്‍സ് കൂടി വേണം.

പാളിപ്പോയ ആഫ്രിക്കന്‍ തന്ത്രം
വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കളി ജയിക്കുകയെന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ തന്ത്രം. അതുകൊണ്ടു തന്നെ ടോസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അഞ്ചോവറിനുള്ളില്‍ തന്നെ ഇന്ത്യ തെളിയിച്ചു. രണ്ടു ഓപ്പണര്‍മാരുടേതടക്കം മൂന്നു വിക്കറ്റുകളാണ് ഇന്ത്യ അഞ്ചോവറിനകം പിഴുതത്.

അഞ്ചോവറിനുള്ളില്‍ മൂന്നു വിക്കറ്റ്!!
ആദ്യ ഓവറില്‍ മൂന്നാം പന്തില്‍ ഡീന്‍ എല്‍ഗറിനെ പുറത്താക്കിയ ഭുവി മൂന്നാം ഓവറിലെ അവസാന പന്തില്‍ എയ്ഡന്‍ മര്‍ക്രാമിനെയും (5) പറഞ്ഞയച്ചു. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഹാഷിം അംലയെയും പുറത്താക്കി ഭുവി ആതിഥേയരെ ശരിക്കും സ്തബ്ധരാക്കി.
ആതിഥേയരുടെ സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 12 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. നാലാം വിക്കറ്റില്‍ ഒരുമിച്ച ഡിവില്ലിയേഴ്‌സ്-ഡുപ്ലെസിസ് ജോടിയാണ് വന്‍ നാണക്കേടില്‍ നിന്നും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

അടിച്ചു തകര്‍ത്ത് ഡിവില്ലിയേഴ്‌സ്
ഏകദിന ശൈലിയില്‍ ഡിവില്ലിയേഴ്‌സ് ബാറ്റ് വീശിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡിനു ജീവന്‍ വച്ചു. ടീം സ്‌കോര്‍ 126ല്‍ എത്തിനില്‍ക്കെ അപകടകാരിയായ ഡിവില്ലിയേഴ്‌സിനെ പുറത്താക്കി ബുംറയാണ് ഇന്ത്യക്ക് ആശ്വാസമേകിയത്. 84 പന്തില്‍ 11 ബൗണ്ടറികളോടെയാണ് അദ്ദേഹം 65 റണ്‍സ് അടിച്ചെടുത്തത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ പിഴുത ഇന്ത്യ ഒരു ഘട്ടത്തിലും കളി കൈയില്‍ നിന്നും വഴുതിപ്പോവാന്‍ അനുവദിച്ചില്ല.

തിരിച്ചടിക്കാന്‍ പഴുത് നല്‍കാതെ ഇന്ത്യ
ഡുപ്ലെസിസിന്റെ വിക്കറ്റ് പാണ്ഡ്യക്കാണ്. 104 പന്തില്‍ 12 ബൗണ്ടറികളുടെ അകമ്പടിയോടെ 62 റണ്‍സ് നേടിയ ക്യാപ്റ്റനെ പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ വിശ്വസ്ത കരങ്ങളിലെത്തിച്ചു. പിന്നീട് ഡി കോക്ക്, ഫിലാന്‍ഡര്‍ എന്നിവര്‍ കൂടി പുറത്തായതോടെ ദക്ഷിണഫ്രിക്ക 300 കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മഹാരാജിനെ റണ്ണൗട്ടാക്കിയ അശ്വിന് റബാദയെ സാഹയ്ക്കു സമ്മാനിച്ചതോടെ ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് 280. ഒടുവില്‍ മോര്‍ക്കലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിന്‍ തന്നെ ആതിഥേയരുടെ ഇന്നിങ്‌സിനു തിരശീലയിടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications