ധര്‍മശാല: ടി20 പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് ഡേവിഡ് മില്ലറുടെ മുന്നറിയിപ്പ്. ഞായറാഴ്ച ധര്‍മശാലയിലാണ് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം. യുവനിരയുമായാണ് ഇത്തവണ എത്തിയതെങ്കിലും ഇന്ത്യക്കെതിരേ പരമ്പര സ്വന്തമാക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മില്ലര്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന പരമ്പര വലിയ വെല്ലുവിളി തന്നെയാണ്. എങ്കിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ടീം ശ്രമിക്കും. സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ എല്ലായ്പ്പോഴും ഉത്തരവാദിത്വം കൂടുതലാണ്. അവിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്തിനല്ല പ്രാധാന്യം. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി താന്‍ വര്‍ഷങ്ങളായി കളിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ കൂടുതലും യുവതാരങ്ങളാണ് തങ്ങളുടെ സംഘത്തിലുള്ളത്. അവരെല്ലാം മുന്നിലുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇത് തീര്‍ച്ചയായും പുതിയൊരു തുടക്കം തന്നെയാണ്. ജയത്തോടെ തന്നെ തങ്ങളുടെ സാന്നിധ്യമറിയിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമമെന്നും മില്ലര്‍ വിശദമാക്കി.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: റണ്‍വേട്ടയില്‍ ഇവരാണ് ടോപ്പ് 5, ഇത്തവണ കളിക്കുന്നത് ഒരാള്‍ മാത്രം!!
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിന ലോകകപ്പിലേറ്റ വന്‍ തിരിച്ചടിക്കു ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കു വന്നത്. ലോകകപ്പില്‍ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ട് പോലും കാണാതെ മടങ്ങിയിരുന്നു. ഒമ്പത് മല്‍സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. സ്ഥിരം ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു പകരം യുവ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഡുപ്ലെസിക്ക് ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.