കേപ്ടൗണ്‍: ആദ്യമായി അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. അപ്പോഴെങ്ങനെ ടെസ്റ്റ് കളിക്കാനായി രാജ്യം വിടും. കളി ദുര്‍ബലരായ ബംഗ്ലാദേശിനോടായത് കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും മറുത്തൊന്നും പറഞ്ഞില്ല. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഡിവില്ലിയേഴ്‌സിന് വിശ്രമം കൊടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
തുടര്‍ച്ചയായ 98 ടെസ്റ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച ശേഷമാണ് ഡിവില്ലിയേഴ്‌സ് ഒന്ന് വിശ്രമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ നീളം കൂടിയ അഞ്ചാമത്തെ വിശ്രമമില്ലാത്ത കളിയാണ് ഇത്. അലന്‍ ബോര്‍ഡര്‍ (153), അലിസ്റ്റര്‍ കുക്ക് (111), മാര്‍ക് വോ (107), സുനില്‍ ഗാവസ്‌കര്‍ (106) എന്നിവരാണ് വിശ്രമമില്ലാതെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളത്.

രണ്ട് ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, രണ്ട് ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശില്‍ കളിക്കുക. ജൂലൈ 5 ന് തുടങ്ങുന്ന പരമ്പര ജൂലൈ 30 ന് തീരും. ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍ ഹാഷിം ആംലയായിരിക്കും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക. ഏകദിനത്തിന് ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും. ഫാഫ് ഡുപ്ലിസിയാണ് ദക്ഷിണാഫ്രിക്കയുടെ ട്വന്റി 20 ക്യാപ്റ്റന്‍.
ഫാസ്റ്റ് ബൗളര്‍മാരായ ഡെയ്ല്‍ സ്‌റ്റെയ്ന്‍, വെര്‍ണന്‍ ഫിലാന്‍ഡര്‍ എന്നിവര്‍ക്ക് ഏകദിനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരമായി ക്രിസ് മോറിസും ഓള്‍റൗണ്ടര്‍ റയാന്‍ മക്ലാരനും ടീമിലെത്തി. റീസ ഹെന്‍ഡ്രിക്കസ്, ഡെന്‍ വിലാസ്, ആരോണ്‍ ഫംഗീസോ, കഗീസോ റബാദ എന്നീ പുതുകളിക്കാരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.