സെഞ്ചൂറിയന്‍: ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മഴ വില്ലനായപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ പാകിസ്താന് തോല്‍വി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിനാണ് ആതിഥേയര്‍ പാകിസ്താനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് പടുത്തുയര്‍ത്തി.

മറുപടിയില്‍ ദക്ഷിണാഫ്രിക്ക 33 ഓവറില്‍ രണ്ടു വിക്കറ്റിന് 187 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് മഴയെത്തിയത്. ഇതേ തുടര്‍ന്നു ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കുകയായിരുന്നു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ റീസ്സ ഹെന്‍ഡ്രിക്‌സ്- ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി സഖ്യം ചേര്‍ന്ന് 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
90 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ഹെന്‍ഡ്രിക്‌സ് പുറത്താവാതെ 83 റണ്‍സ് നേടിയപ്പോള്‍ ഡുപ്ലെസി 42 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 40 റണ്‍സ് നേടി. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. ആദ്യ കളിയില്‍ പരാജയപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത്.
നേരത്തേ ഇമാമുള്‍ ഹഖിന്റെ (101) സെഞ്ച്വറിയാണ് പാകിസ്താനെ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 116 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇമാമിന്റെ ഇന്നിങ്‌സ്. ബാബര്‍ അസം (69), മുഹമ്മദ് ഹഫീസ് (52), ഇമാദ് വസീം (43*) എന്നിവരും പാക് സ്‌കോറിന് കരുത്തേകി.