പോര്‍ട്ട് എലിസബത്ത്: ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരവും ആതിഥേയര്‍ സ്വന്തമാക്കി. നാലു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ശ്രീലങ്ക 39.2 ഓവറില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 32.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.

വാലറ്റത്ത് ഇസുരു ഉഡാന നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ഇസുരു 57 പന്തില്‍ 78 റണ്‍സ് നേടി. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ(29), കുശാല്‍ മെന്‍ഡിസ്(21), ധനഞ്ജയ ഡിസല്‍വ(22) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച്ച് നോര്‍ട്ടെ മൂന്നും ആന്‍ഡിലെ ഫെഹ്ലുക്വായൊ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക അനായാസമാണ് വിജയത്തിലേക്കെത്തിയത്. ക്വിന്റണ്‍ ഡി കോക്ക് 51 റണ്‍സ് നേടി. എയ്ഡന്‍ മാര്‍ക്ക്രം(29), ഫാഫ് ഡു പ്ലസിസ്(43), ഡേവിഡ് മില്ലര്‍(25), ജെപി ഡുമിനി(31) എന്നിവരും തങ്ങളുടെതായ സംഭാവന നല്‍കി. ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡിസല്‍വ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ശനിയാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള അഞ്ചാം മത്സരം.