ചിറ്റഗോംഗ്: ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വെറും 248 റണ്‍സില്‍ ചുരുട്ടിക്കെട്ടി. ഉജ്വലമായ ഫാസ്റ്റ് ബൗളിംഗിലൂടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയ ചരിത്രമുള്ള മുസ്താഫിസുര്‍ റഹ്മാനാണ് ഒന്നാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയെയും തകര്‍ത്തത്. നാല് പന്തിനിടെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് റഹ്മാന് വീഴ്ത്തിയത്.
ചിറ്റഗോംഗിലെ സഹൂര്‍ അഹ്മദ് ചൗധരി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയാണ് ആദ്യം ബാറ്റിംഗിനിറങ്ങിയത്. 13.4 ഓവറില്‍ 58 റണ്‍സിലെത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 34 റണ്‍സെടുത്ത സ്റ്റിയാന്വാനാണ് ആദ്യം പുറത്തായത്.47 റണ്‍സെടുത്ത ഡീന്‍ എല്ഗറുടേതായിരുന്നു അടുത്ത ഊഴം. 48 റണ്‍സുമായി ഡുപ്ലിസിയും 54 റണ്‍സുമായി ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിന്നീട് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയത്.
ക്യാപ്റ്റന്‍ ഹാഷിം ആംല 13 റണ്‍സിന് പുറത്തായി. ജെ പി ഡുമിനി, ക്വിന്റന്‍ ഡി കോക് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. അറുപതാം ഓവറില്‍ നാല് പന്തുകള്‍ക്കിടെ മുസ്താഫിസുര്‍ റഹ്മാന് ഹാഷിം ആംല, ജെ പി ഡുമിനി, ക്വിന്റന്‍ ഡി കോക് എന്നിവരെ പുറത്താക്കിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. 17.4 ഓവറില്‍ 37 റണ്‍സിന് റഹ്മാന് 4 വിക്കറ്റുകള്‍ വീഴ്ത്തി. ജുബൈര്‍ ഹുസൈന് 53 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടാതെ 7 റണ്‍സ് എന്ന നിലയിലാണ്.