രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് നന്ദിയും ഭാവുകങ്ങളും നേര്‍ന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. യുഗാന്ത്യമെന്നാണ് ധോണിയുടെ വിരമിക്കലിനെ ഗാംഗുലി വിശേഷിപ്പിച്ചത്. 'ഒരു യുഗം കടന്നുപോയിരിക്കുന്നു. ഇന്ത്യയ്ക്കും ലോകക്രിക്കറ്റിനും വിലമതിക്കാനാവാത്ത സമര്‍പ്പണങ്ങള്‍ നല്‍കിയ ശേഷമാണ് ധോണി വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ നായകമികവിന് പകരം വെയ്ക്കാന്‍ ഒന്നുമില്ല', ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ ഗാംഗുലി പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്തില്‍ ധോണിയുടെ ബാറ്റിങ് ശൈലി സൃഷ്ടിച്ച തരംഗത്തെ കുറിച്ചും ബിസിസിഐ അധ്യക്ഷന്‍ പരാമര്‍ശിക്കുന്നുണ്ട്. 'എല്ലാ നല്ല കാര്യങ്ങള്‍ക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇതു സംഭവിച്ചു. ഇന്ന് വിക്കറ്റ് കീപ്പര്‍മാരുടെ അളവുകോലുകള്‍ ഏറെ ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം ധോണിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ധോണിക്ക് നിരാശപ്പെടേണ്ടതായി ഒന്നുമില്ല. സംഭവബഹുലമായ കരിയറിനാണ് താരം ഇന്ന് തിരശ്ശീലയിട്ടിരിക്കുന്നത്. മുന്നോട്ടുള്ള ജീവിതയാത്രയില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു', ഗാംഗുലി അറിയിച്ചു.
പറഞ്ഞുവരുമ്പോള്‍ ഗാംഗുലി നായകനായിരിക്കെയാണ് റാഞ്ചിക്കാരനായ മഹേന്ദ്ര സിങ് ധോണി ടീമിലെത്തുന്നത്. 2004 -ല്‍ ധോണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. കാലങ്ങള്‍ക്കിപ്പുറം ഓസ്‌ട്രേലിയ്ക്ക് എതിരായ ഹോം പരമ്പരയ്ക്ക് ശേഷം ഗാംഗുലി വിരമിച്ചപ്പോള്‍ നായകസ്ഥാനം ധോണിക്ക് ലഭിച്ചു. കരിയറിലെ അവസാന മത്സരത്തില്‍ ഗാംഗുലിക്ക് ക്യാപ്റ്റന്‍സി നല്‍കിയ ആദരിച്ച ധോണിയെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ശനിയാഴ്ച്ച ഏറെ അപ്രതീക്ഷിതമായാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. നേരത്തെ, 2019 ലോകകപ്പ് തോല്‍വിക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നു ധോണി.
ബിസിസിഐ സെക്രട്ടറി ജയ് ഷായും ധോണിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നാണ് ധോണിയെ ജയ് ഷാ വിശേഷിപ്പിച്ചത്. 'ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് എംഎസ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ ധോണിയുടെ വളര്‍ച്ച ഏറെ പ്രശംസനീയം. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവും പ്രത്യേകം പരാമര്‍ശിക്കണം. ഇന്ത്യന്‍ ദേശീയ ടീമിനെ ഉന്നതങ്ങളില്‍ എത്തിച്ചതിന് ശേഷമാണ് ധോണിയുടെ പടിയിറക്കം', ജയ് ഷാ പറഞ്ഞു.