ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് എന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എം എസ് ധോണി, വിരാട് കോലി എന്നീ ഇന്ത്യന്‍ ക്യാപ്റ്റന്മാരെ മറികടന്നാണ് ദാദ രോഹിത് ശര്‍മയെ പിന്തുണക്കുന്നത്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന രോഹിത് ശര്‍മയുടെ മികവാണ് ഗാംഗുലിക്ക് ഇഷ്ടപ്പെട്ടത്. മുംബൈ ജയിച്ച അഞ്ചില്‍ നാലിലും രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഗുജറാത്ത് ലയണ്‍സിന്റെ സുരേഷ് റെയ്‌നയാണ് ഗാംഗുലിയുടെ കാഴ്ചപ്പാടില്‍ വിജയിച്ച മറ്റൊരു ക്യാപ്റ്റന്‍. ഇതാദ്യമായിട്ടാണ് സുരേഷ് റെയ്‌ന ഐ പി എല്ലില്‍ ക്യാപ്റ്റനാകുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സഹീര്‍ ഖാനും മെന്റര്‍ രാഹുല്‍ ദ്രാവിഡും പ്രശംസയര്‍ഹിക്കുന്നു എന്നും ഗാംഗുലി പറയുന്നു. യുവാക്കളെ വെച്ചാണ് അവര്‍ കളി ജയിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

പുനെ സൂപ്പര്‍ജയന്റ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്ക് ഓരോ ഉപദേശമാണ് ഗാംഗുലിക്ക് നല്‍കാനുള്ളത്. ധോണി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധോണി തയ്യാറാകണം. ട്വന്റി 20യില്‍ ഓപ്പണ്‍ ചെയ്ത് ധോണി സെറ്റായാല്‍ ബൗളര്‍മാരെ ആക്രമിക്കാന്‍ ധോണിക്ക് പറ്റും.
കളിക്കാരന്‍ എന്ന നിലയില്‍ വിജയമാണെങ്കിലും കോലിയുടെ ക്യാപ്റ്റന്‍സി അങ്ങനെയല്ല. ഏഴ് കളികളില്‍ വെറും രണ്ടേ രണ്ട് ജയം മാത്രമേ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഇതുവരെ ഉള്ളൂ. ബൗളര്‍മാരാണ് ബാംഗ്ലൂരിനെ ചതിക്കുന്നത് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. കൊല്‍ക്കത്തയ്‌ക്കെതിരായ അവരുടെ തോല്‍വി വിശ്വസിക്കാന്‍ പ്രയാസമാണ്. തിരിച്ചുവരവിനുള്ള മാര്‍ഗം എത്രയും വേഗം കണ്ടെത്തണമെന്നാണ് കോലിയോട് ഗാംഗുലിക്ക് പറയാനുള്ളത്.