വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങ്ങിനെ പറ്റിച്ചു, സ്റ്റീവ് വോയെ കാത്തുനിര്‍ത്തി — അറിയണം ഗാംഗുലിയുടെ 'ചട്ടമ്പിത്തരങ്ങള്‍'

ഇന്ത്യന്‍ ക്രിക്കറ്റിന്റെ രക്ഷകനാവാന്‍ ഒരിക്കല്‍ക്കൂടി ദാദ വന്നിരിക്കുന്നു. ലോകത്തിന് മുന്നില്‍ ബിസിസിഐക്കുള്ള കുപ്രസിദ്ധി മാറ്റിയെടുക്കണം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് മുന്നില്‍ വെല്ലുവിളി വലുതാണ്; സമയം ചുരുക്കവും. അടുത്തവര്‍ഷം സെപ്തംബറില്‍ സ്ഥാനമൊഴിയുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നവീകരിക്കാന്‍ ഗാംഗുലിക്ക് കഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

പഴയ ഗാംഗുലി

തിരിച്ചുവന്നത് 'പഴയ' ഗാംഗുലിയാണെങ്കില്‍ എന്തും സംഭവിക്കാം. കാരണം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകനാണ് സൗരവ് ഗാംഗുലി. ദാദയുടെ നായകപാടവത്തില്‍ കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീം ഫീനിക്‌സ് പക്ഷി കണക്കെ ഉയര്‍ത്തെഴുന്നേറ്റതിന് ലോകം ഒരുതവണ സാക്ഷിയാണ്.

കളത്തിനകത്തും പുറത്തും ആരെയും കൂസാത്ത സമീപനം; ഇതാണ് പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയില്‍ നിന്നും കായിക പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ഗാംഗുലിയുടെ ചട്ടമ്പിത്തരങ്ങൾ

എതിരാളികളുടെ പരിഹാസങ്ങള്‍ കേട്ടു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കളിക്കാര്‍ക്ക് വ്യക്തമാക്കിക്കൊടുത്ത നായകന്‍ കൂടിയായിരുന്നു ഗാംഗുലി. പറഞ്ഞുവരുമ്പോള്‍ അക്കാലത്തെ ടീമിലെ 'ചട്ടമ്പി'. ദാദയോളം ധൈര്യം കാണിച്ച മറ്റൊരു താരത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിട്ടില്ല; ഇനിയുണ്ടാവുകയുമില്ല. ഈ അവസരത്തില്‍ ക്രിക്കറ്റില്‍ ഗാംഗുലിയുടെ ധൈര്യം വെളിപ്പെടുത്തിയ ചില സംഭവങ്ങള്‍ ചുവടെ പരിശോധിക്കാം.

റിക്കി പോണ്ടിങ്ങിനെ പറ്റിച്ച് ടോസ്

റിക്കി പോണ്ടിങ്ങിനെ പറ്റിച്ച് ടോസ്

ഇന്ത്യാ ടുഡെ സ്‌പോര്‍ട്‌സ് എഡിറ്റര്‍, ബോറിയ മജുംദാറിന്റെ 'ഇലവന്‍ ഗോഡ്‌സ് ആന്‍ഡ് എ ബില്യണ്‍ ഇന്ത്യന്‍സ്' (പതിനൊന്ന് ദൈവങ്ങളും ലക്ഷം കോടി ഇന്ത്യക്കാരും) എന്ന പുസ്തകത്തിലാണ് ടോസിനിടെ റിക്കി പോണ്ടിങ്ങിനെ സൗരവ് ഗാംഗുലി കുഴക്കിയ കാര്യം പുറത്തുവരുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കല്‍ ക്ലാര്‍ക്കിനെ ഉദ്ധരിച്ചാണ് ബോറിയ മജുംദാര്‍ ഈ സംഭവം പറയുന്നത്.

ഏതു മത്സരമാണെന്നു ക്ലാര്‍ക്കിന് ഓര്‍മ്മയില്ല. പക്ഷെ ഇന്ത്യയിലാണ് കളി. ടോസ് ചെയ്യുന്നത് റിക്കി പോണ്ടിങ്ങും. നാണയം ടോസ് ചെയ്തതിന് പിന്നാലെ ഗാംഗുലി വിളിച്ചു, 'ഹെഡ്-ടെയില്‍'. മിന്നല്‍ വേഗത്തിലാണ് ഗാംഗുലി ടോസ് വിളിച്ചത്.

പോൺടിങ്ങിനെ പറ്റിച്ചു

പറഞ്ഞതെന്താണെന്ന് ഓര്‍ത്തെടുക്കാന്‍ പോണ്ടിങ്ങിന് സമയംപോലും കിട്ടിയില്ല. ഇതിന് മുന്‍പേ നിലത്തുവീണ നാണയമെടുത്തു ഗാംഗുലി പറഞ്ഞു, 'ഞങ്ങള് ബാറ്റു ചെയ്യും'. എന്നിട്ട് നടന്നകന്നു. ആ മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുകയായിരുന്നുവെന്ന് ക്ലാര്‍ക്ക് ഓര്‍ത്തെടുത്തു. നടന്നതെന്താണെന്ന് പോണ്ടിങ്ങിന് ബോധ്യം വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ശേഷം ഡ്രസിങ് റൂമിലെത്തി സഹതാരങ്ങളോട് താന്‍ പറ്റിക്കപ്പെട്ടെന്ന് പറയാന്‍ മാത്രമേ പോണ്ടിങ്ങിനായുള്ളൂ.

സ്റ്റീവ് വോയെ കാത്തുനിര്‍ത്തി

സ്റ്റീവ് വോയെ കാത്തുനിര്‍ത്തി

2001 -ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ഈ സംഭവം. ടോസിന്റെ സമയത്ത് ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഗ്രൗണ്ടില്‍ മനഃപൂര്‍വം ഗ്രൗണ്ടില്‍ വൈകിയെത്തുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ ഗാംഗുലിക്കായി കാത്തുനിന്നു.

ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോയെ കാത്തുനിര്‍ത്തിയതിന് പിന്നിലെ കാരണം അടുത്തിടെ ദാദ വെളിപ്പെടുത്തുകയുണ്ടായി. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ ജവഗല്‍ ശ്രീനാഥിനോട് മോശമായി പെരുമാറിയതുകൊണ്ടാണ് ഗാംഗുലി അവരുടെ നായകനെ കാത്തുനിര്‍ത്തിയത്.

ഇതിന് മുന്‍പത്തെ മത്സരത്തില്‍ ഗ്രൗണ്ടില്‍ നിന്നും പുറത്തിറങ്ങിയ ശ്രീനാഥിനെ പരസ്യമായി ബുക്കാനന്‍ പരിഹസിക്കുകയായിരുന്നു. ഈ സംഭവമറിഞ്ഞ ഗാംഗുലി അടുത്ത മത്സരത്തില്‍ത്തന്നെ പ്രതികാരം വീട്ടി.

ലോര്‍ഡ്‌സില്‍ ഷര്‍ട്ടൂരി ചുഴറ്റി

ഗാംഗുലിയുടെ ധൈര്യം പറയുമ്പോള്‍ 2002 -ലെ നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനല്‍ പ്രത്യേകം പരാമര്‍ശിക്കണം. ഇംഗ്ലണ്ടും ഇന്ത്യയും മത്സരം. മുഹമ്മദ് കൈഫിന്റെ തകര്‍പ്പന്‍ പ്രകനടത്തില്‍ ഇന്ത്യ ഇംഗ്ലീഷ് പടയെ കീഴടക്കുമ്പോള്‍ ലോര്‍ഡിലെ ബാല്‍ക്കണിയില്‍ നിന്ന് ഷര്‍ട്ടൂരി ചുഴറ്റുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ഇതിന് പിന്നിലൊരു കാരണവുമുണ്ട് ഗാംഗുലിക്ക് പറയാന്‍.

മുന്‍വര്‍ഷം മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കളി ജയിച്ചപ്പോള്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഷര്‍ട്ടൂരിയതിന്റെ പ്രതികാരമാണ് ലോര്‍ഡ്‌സില്‍ ഗാംഗുലി നടത്തിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഷര്‍ട്ടൂരിയത് ശരിയല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്കോട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ ഗാംഗുലി പറഞ്ഞു, 'ലോര്‍ഡ്സ് നിങ്ങളുടെ മെക്ക, വാങ്കഡേ ഞങ്ങളുടേതും'.

നാസര്‍ ഹുസൈന് നല്‍കിയ ചുട്ടമറുപടി

നാസര്‍ ഹുസൈന് നല്‍കിയ ചുട്ടമറുപടി

ക്രീസില്‍ നിന്നും കമ്മന്ററിയിലേക്ക് ഗാംഗുലി ചുവടുമാറിയ കാലത്താണ് ഈ സംഭവം. ക്രിക്കറ്റ് കമ്മന്ററിക്കിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കളിയാക്കാന്‍ ശ്രമിച്ച നാസര്‍ ഹുസൈന് അതേ നാണയത്തില്‍ത്തന്നെ ഗാംഗുലി പരസ്യമായി മറുപടി നല്‍കി. ഫിഫ ലോകകപ്പില്‍ ഇന്ത്യയെ എന്നാണ് കാണാന്‍ കഴിയുകയെന്ന ചോദ്യമാണ് മുന്‍ ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ചത്. പിന്നാലെ നല്‍കി മറുപടിയും. 50 വര്‍ഷം മുന്‍പേ ഇന്ത്യ ഫുട്‌ബോള്‍ കളി ആരംഭിച്ചിരുന്നെങ്കില്‍ ഒരുതവണയെങ്കിലും ലോകകപ്പ് ഫൈനലിലെത്തിയേനെ, ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഗാംഗുലി തുറന്നടിച്ചു.

ശാസ്ത്രിക്കും കിട്ടി മറുപടി

ഒരിക്കല്‍ രവി ശാസ്ത്രി സൗരവ് ഗാംഗുലിയോട് ചോദിക്കുകയുണ്ടായി, 'ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗാംഗുലി പവലിയനോ ഗാംഗുലി സ്്റ്റാന്‍ഡോ ഉണ്ടോ?' ദാദ പറഞ്ഞു, 'ഇല്ല, പക്ഷെ ഗ്രൗണ്ട് ഗാംഗുലിയുടേതാണ്'.

ചാപ്പലിന് നേരെ ഭീഷണി

ചാപ്പലിന് നേരെ ഭീഷണി

ഗാംഗുലി – ചാപ്പല്‍ പോര് മുറുകിയ സമയത്താണ് മുന്‍ ഇന്ത്യന്‍ നായകന്റെ ഈ ശ്രദ്ധേയമായ പ്രതികരണം. വിഖ്യാത ജേര്‍ണലിസ്റ്റ് രാജ്ദീപ് സര്‍ദേശായി ഒരിക്കല്‍ ഗാംഗുലിയോട് ചോദിച്ചു, 'ഗ്രെഗ് ചാപ്പലില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്ഷമാപണം അര്‍ഹിക്കുന്നില്ലേ? പ്രത്യേകിച്ച് സച്ചിനോടും ഗാംഗുലിയോടും ദ്രാവിഡിനോടും'. ഇതിന് ഗാംഗുലി നല്‍കിയ മറുപടി ഇങ്ങനെ, ' സച്ചിനെയോ ദ്രാവിഡിനെയോ ചാപ്പലിന് വിളിക്കാം. പക്ഷെ അയാള്‍ എന്നെ വിളിക്കാന്‍ ധൈര്യപ്പെടില്ല. ടിവിയില്‍ ഇക്കാര്യം കാണുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, സൗരവ് ഗാംഗുലിയെ വിളിക്കാന്‍ ഒരിക്കലും മുതിരരുത്'.

പരിഭവം സ്ലെഡ്ജ് ചെയ്യാഞ്ഞത്

പരിഭവം സ്ലെഡ്ജ് ചെയ്യാഞ്ഞത്

തന്റെ കാലത്ത് ടീമിലെ മാന്യരായ താരങ്ങള്‍ ഒരിക്കല്‍പ്പോലും സ്ലെഡ്ജ് ചെയ്യാഞ്ഞതാണ് ഗാംഗുലിയുടെ ഏറ്റവും വലിയ പരിഭവം. ലക്ഷ്മണ്‍, സച്ചിന്‍, ദ്രാവിഡ് പോലുള്ള താരങ്ങളെ കുറിച്ച് പറയുമ്പോഴാണ് മുന്‍ ഇന്ത്യന്‍ നായകന്റെ ഈ വിഷമം. 'ദ്രാവിഡിനോട് സ്ലെഡ്ജ് ചെയ്യാന്‍ പറഞ്ഞാല്‍ അയാള്‍ പറയും, നടക്കില്ല; ശരിയായ ക്രിക്കറ്റു കളിയല്ല ഇതെന്ന്. ലക്ഷ്മണിനോട് പറഞ്ഞാല്‍ ഉത്തരം കിട്ടുക, പറ്റില്ല; ബാറ്റിങ്ങിലാണ് തന്റെ ശ്രദ്ധ മുഴുവനെന്ന്. ഇനിയിപ്പോള്‍ സച്ചിനോട് പറഞ്ഞാല്‍ ഗ്രൗണ്ടില്‍ പാതിവഴി ചെന്ന ശേഷം മിഡ് വിക്കറ്റ് ഫീല്‍ഡറോട് മാസ്റ്റർ ബ്ലാസ്റ്റർ ചോദിക്കും എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്യാമോയെന്ന്', ഒരു ചര്‍ച്ചയ്ക്കിടെ ഗാംഗുലി നര്‍മ്മം കലര്‍ത്തി സൂചിപ്പിച്ചു.

Story first published: Wednesday, October 23, 2019, 17:03 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X