മുംബൈ: ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയ വിധി പരിശോധിക്കാനുള്ള ബി സി സി ഐയുടെ വര്‍ക്കിങ് കമ്മിറ്റിയില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും. കളിക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് ഗാംഗുലി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.
ആകെ നാല് പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള, ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരാണ് ഗാംഗുലിയെക്കൂടാതെ കമ്മിറ്റിയില്‍ ഉള്ളത്. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഐ പി എല്ലില്‍ ചെന്നൈയുടെയും രാജസ്ഥാന്റെയും ഭാവി.

ബി സി സി ഐയുടെ കമ്മിറ്റിയില്‍ അനുരാഗ് താക്കൂറിന് സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് താല്‍പര്യമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. കോടതി നിര്‍ദേശം അംഗീകരിക്കുന്നു എന്ന് താക്കൂര്‍ നേരത്തെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതാണ്. എന്നാല്‍ രവി ശാസ്ത്രി അടക്കമുള്ള പ്രമുഖര്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് എതിരായിരുന്നു എന്നാണ് അറിയുന്നത്.
വിധിയുടെ നിയമവശങ്ങളില്‍ സമിതിയെ സഹായിക്കാനായി ബി സി സി ഐ ലീഗല്‍ അഡൈ്വസര്‍ ഉഷനാഥ് ബാനര്‍ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ബി സി സി ഐ ഏറ്റെടുക്കുന്നത് അടക്കമുള്ള സാധ്യതകള്‍ ഈ കമ്മിറ്റി പരിഗണിക്കും എന്നാണ് അറിയുന്നത്. ഈ ടീമുകളെ ഒഴിവാക്കി അടുത്ത ഐ പി എല്‍ നടക്കുമോ എന്നും കമ്മിറ്റി പരിശോധിക്കും.