ഇസ്ലാമാബാദ്: ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരത്തെ പന്തുകൊണ്ടെറിഞ്ഞതിനെ തുടര്‍ന്ന് കളിക്കളത്തില്‍ കളിക്കാര്‍ തമ്മില്‍ വാക്കേറ്റം. പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനിടെയാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലാഹോര്‍ ക്വാലന്‍ഡേഴ്സ് ടീം അംഗങ്ങളായ സൊഹൈല്‍ ഖാനും യാസിര്‍ ഷായുമാണ് വാക്കേറ്റം നടത്തിയത്. പന്തെറിയാനെത്തിയ സൊഹൈല്‍ ഖാന് ഫീല്‍ഡ് ചെയ്യുകയായിരുന്ന യാസിര്‍ ഷായെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പന്തുകൊണ്ട് നീട്ടിയെറിയുകയായിരുന്നു.
ഭാഗ്യംകൊണ്ടുമാത്രമാണ് യാസിറിന്റെ തലയില്‍ പന്ത് കൊള്ളാതിരുന്നത്. ഇതോടെ കുപിതനായ യാസിര്‍ സൊഹൈല്‍ ഖാനുമായി കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം. ബൗണ്ടറിയില്‍ നില്ക്കുന്ന ഫീല്‍ഡറുടെ ശ്രദ്ധതിരിക്കാന്‍ പന്തുകൊണ്ടെറിയുന്നത് ആദ്യമായി കാണുകയാണെന്നാണ് ബാറ്റ് ചെയ്യുകയായിരുന്ന കെവിന് പീറ്റേഴ്സണ് പിന്നീട് പ്രതികരിച്ചത്.
ലാഹോര്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം ആണ് താരങ്ങളെ തണുപ്പിച്ചത്. കളിക്കുശേഷം ഇരുവരും കൈകൊടുക്കാനും വിസമ്മതിച്ചു. അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നാണ് യാസിര്‍ ഷാ പിന്നീട് സഹകളിക്കാരോട് പറഞ്ഞത്. ഇത്തരത്തില്‍ പന്തെറിഞ്ഞ് ശ്രദ്ധ ക്ഷണിച്ചത് വലിയ അപകടമുണ്ടാക്കുമെന്ന് മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു.