IPL 2026: ബുംറയെ പോലും വെറുതെ വിട്ടില്ല! ജയ്‌സ്വാൾ-സൂര്യവംശി സഖ്യത്തിന് ഭ്രാന്തായോ എന്ന് സോഷ്യൽ മീഡിയ
മഴ പെയ്ത് കളി കുറഞ്ഞപ്പോൾ ഗുവഹാത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ കണ്ടത് സിക്സറുകളുടെ പെരുമഴ! രാജസ്ഥാൻ റോയൽസിന്റെ യുവതുർക്കികളായ യശസ്വി ജയ്‌സ്വാളും 15-കാരൻ വൈഭവ് സൂര്യവംശിയും ചേർന്ന് മുംബൈ ഇന്ത്യൻസ് ബൗളിംഗ് നിരയെ തരിപ്പണമാക്കി. വെറും 30 പന്തിൽ നിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 80 റൺസാണ്. പവർപ്ലേയിൽ ഇവർ നടത്തിയ താണ്ഡവം കണ്ട് "ഇത് വല്ലാത്ത ഭ്രാന്ത്" എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്.
ദീപക് ചാഹറിന് 22 റൺസ്; ബുംറയ്ക്കും രക്ഷയില്ല!
ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ 22 റൺസിന് പറത്തിക്കൊണ്ടാണ് ജയ്‌സ്വാൾ തുടങ്ങിയത്. തല്ല് തുടങ്ങിയതോടെ ഹാർദിക് പാണ്ഡ്യ തന്റെ വിശ്വസ്തൻ ജസ്‌പ്രീത് ബുംറയെ പന്തേൽപ്പിച്ചു. എന്നാൽ ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിക്കൊണ്ടാണ് സൂര്യവംശി വരവേറ്റത്. 3.2 ഓവർ മാത്രം നീണ്ടുനിന്ന പവർപ്ലേയിൽ 59 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്.
ഈ സീസണിൽ ഇതുവരെ പവർപ്ലേയിൽ വിക്കറ്റ് നൽകാത്ത ഓപ്പണിംഗ് ജോഡി എന്ന റെക്കോർഡും ജയ്‌സ്വാളും സൂര്യവംശിയും കാത്തുസൂക്ഷിച്ചു.

ഷാർദുൽ താക്കൂർ വിക്കറ്റ് എടുത്തു, പക്ഷേ...
അഞ്ചാം ഓവർ എറിയാനെത്തിയ ഷാർദുൽ താക്കൂറിനെ സൂര്യവംശി രണ്ട് സിക്സറും ഒരു ഫോറും പറത്തി വിറപ്പിച്ചു. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ സൂര്യവംശിയെ പുറത്താക്കി ഷാർദുൽ മറുപടി നൽകി. 14 പന്തിൽ 5 സിക്സറുകളോടെ 39 റൺസെടുത്താണ് 15-കാരൻ മടങ്ങിയത്. ജൂനിയർ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 278.57 ആയിരുന്നു! അവസാനം വരെ ക്രീസിൽ നിന്ന യശസ്വി ജയ്‌സ്വാൾ 32 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നായകൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസ് കൂടി ചേർത്തതോടെ 11 ഓവറിൽ രാജസ്ഥാൻ സ്കോർ 150-ൽ എത്തി.
ഗുവഹാത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ നടന്ന മഴ കവർന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 11 ഓവറിൽ 150/3 എന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (32 പന്തിൽ 77)* തകർപ്പൻ ഇന്നിംഗ്‌സും 15-കാരൻ വൈഭവ് സൂര്യവംശിയുടെ (14 പന്തിൽ 39) വെടിക്കെട്ടുമാണ് രാജസ്ഥാന് കരുത്തായത്. വെറും 16 പന്തിൽ ടീം സ്കോർ 50 കടത്തിക്കൊണ്ട് ജസ്‌പ്രീത് ബുംറയടക്കമുള്ള മുംബൈ ബൗളർമാരെ ഇവർ തല്ലിച്ചതച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിലേ പാളി. രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (6), ഹാർദിക് പാണ്ഡ്യ (9) എന്നിവർ പെട്ടെന്ന് പുറത്തായതോടെ മുംബൈ 46/5 എന്ന നിലയിലേക്ക് തകർന്നു. നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുംബൈയുടെ പോരാട്ടം 123/9-ൽ അവസാനിച്ചു. നായകൻ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പാളിച്ചകളും തെറ്റായ ബൗളിംഗ് മാറ്റങ്ങളും മുംബൈയുടെ തോൽവിക്ക് ആക്കം കൂട്ടി. തുടർച്ചയായ മൂന്നാം വിജയത്തോടെ രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications