ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 194 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 42.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പരിക്കില്‍നിന്നും മോചിതയായി തിരിച്ചെത്തിയ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആതിഥേയര്‍ക്കുവേണ്ടി സ്റ്റഫാനി ടെയ്‌ലര്‍(79), സ്റ്റാസി ആന്‍ കിങ്(38), ഹെയ്‌ലി മാത്യൂസ്(26) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. വിന്‍ഡീസിന്റെ 7 കളിക്കാര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യയ്ക്കുവേണ്ടി ജുലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി. ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ 1 വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്മാരും തിളങ്ങി. ജമീമ റോഡ്രിഗസ്(69), സ്മൃതി മന്ദാന(74), പൂനം റൗട്ട്(24), മിതാലി രാജ്(20) എന്നിവരാണ് മികവുകാട്ടിയത്. ദീപ്തി ശര്‍മ 4 റണ്‍സോടെയും ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. വിന്‍ഡീസിനുവേണ്ടി ഹെയ്‌ലി മാത്യൂസ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഫി ഫ് ളെച്ചറിനാണ് ഒരു വിക്കറ്റ്.