രാജസ്ഥാനും ഹൈദരാബാദിനും സന്തോഷം; എതിരാളികള്‍ക്ക് ചങ്കിടിപ്പ്: സ്മിത്തും വാര്‍ണറും ഐ.പി.എല്ലിന്

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും സന്തോഷവാര്‍ത്ത. പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുകയായിരുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഈ സീസണിലെ ഐ.പി.എല്ലില്‍ കളിക്കും.
ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ പാകിസ്താനെതിരായ ഏകദിന പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയില്ല. ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ശുഭവാര്‍ത്തയാണ് ഇരുവരുടെയും തിരിച്ചുവരവ്.

വാര്‍ണറിന്റെ മടങ്ങിവരവില്‍ ഉദിച്ചുയരാന്‍ ഹൈദരാബാദ്
2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിരീടത്തിലേക്കെത്തിച്ച ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് ടീമിന് ആത്മവിശ്വാസം നല്‍കും. ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും. ഐ.പി.എല്ലില്‍ മികച്ച റെക്കോഡാണ് ഈ ഇടം കൈയന്‍ ഓപ്പണര്‍ക്കുള്ളത്. 114 മത്സരങ്ങളില്‍ നിന്നായി 40.55 ശരാശരിയില്‍ 4014 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 36 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. 126 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

എതിരാളികള്‍ ഹൈദരാബാദിനെ കരുതണം
ശിഖര്‍ ധവാന്‍ ഡല്‍ഹി ക്യാപ്റ്റില്‍സിലേക്ക് കൂടുമാറിയതിന്റെ ക്ഷീണം വാര്‍ണറുടെ തിരിച്ചുവരവോടെ ഹൈദരാബാദ് പരിഹരിക്കും. ഷക്കീബ് അല്‍ ഹസന്‍, ബില്ലി സ്റ്റാന്‍ലേക്ക്, കെയ്ന്‍ വില്യംസണ്‍, ആദില്‍ റഷീദ്, മുഹമ്മജ് നബി, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. വെടിക്കെട്ട് പകരാന്‍ യൂസഫ് പഠാനും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ബേസില്‍ തമ്പി, സന്ദീപ് ശര്‍മ എന്നിവര്‍ക്കൊപ്പം റാഷിദ് ഖാന്റെ സ്പിന്‍ മാജിക്കും ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.

നായകന്‍ തിരുമ്പി വന്തിട്ടെ
വിവാദങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റീവ് സ്മിത്തിന്റെ മടങ്ങിവരവ് രാജസ്ഥാന് കരുത്താകും. സ്മിത്തെത്തുന്നതോടെ അജിന്‍ക്യ രഹാനെയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം മാറിക്കൊടുക്കേണ്ടി വരും. ഐ.പി.എല്ലില്‍ അത്ര മികച്ച റെക്കോഡുകളില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് പുലിയാണ്. 69 ഐ.പി.എല്ലില്‍ നിന്നായി 37.02 ശരാശരിയില്‍ 1703 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും സ്മിത്ത് അടിച്ചെടുത്തിട്ടുണ്ട്.

ഒത്തൊരുമയുള്ള രാജസ്ഥാന്‍
സ്മിത്തിന്റെ വരവോടെ സംതുലിതമായ ടീമായി രാജസ്ഥാന്‍ മാറും. സഞ്ജു സാംസണ്‍, രഹാനെ, ശുഭ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍,മനാന്‍ വോറ, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് സ്മിത്തിനൊപ്പം ടീമിലുള്ള പ്രധാന താരങ്ങള്‍. ജയദേവ് ഉനദ്ഘട്ട്, വരുണ്‍ ആരോണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് മുഖ്യ ബൗളര്‍മാര്‍.

തിരിച്ചുവരവിലെ ഫോം
വിലക്കിനിടെ ഇരുവരും ലീഗ്ട്വന്റി20 മത്സരങ്ങളില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതിനിടെ സ്മിത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഇരുവര്‍ക്കും പഴയ ഫോം കണ്ടെത്താന്‍ കഴിയുമോയെന്ന് കാത്തിരുന്നു കാണണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications