വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സിറാജില്‍ തുടങ്ങി 'പന്തില്‍' തീര്‍ത്തു- ഗാബയിലെ ചരിത്ര വിജയത്തിന് പിന്നില്‍ ഇവയാണ്

32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗാബയില്‍ ഇന്ത്യ ടെസ്റ്റില്‍ തോറ്റത്

അസാധ്യമെന്നു കരുതിയത് യാഥാര്‍ഥ്യമാക്കി ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെയുടെ ടീം ഇന്ത്യ. 32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ വിജയം ആരും സ്വപ്‌നം കണ്ടിരുന്നില്ല. സമനിലയെങ്കിലും പിടിച്ചുവാങ്ങി ഇന്ത്യ ട്രോഫി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

5 best moments of India’s historic win at Gabba

എന്നാല്‍ സീനിയര്‍ താരങ്ങളില്‍ പകുതിയോളം പേരും ഇല്ലാതിരുന്നിട്ടും ഓസീസിന്റെ ഒന്നാംനിര ടീമിനെ വീഴ്ത്താന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കു കഴിഞ്ഞു. മൂന്നു വിക്കറ്റിനായിരുന്നു ഗാബയില്‍ ഇന്ത്യന്‍ വിജയം. ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്കു നയിച്ച അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സിറാജിന്റെ സൂപ്പര്‍ സ്‌പെല്‍

സിറാജിന്റെ സൂപ്പര്‍ സ്‌പെല്‍

മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തോടെയാണ് ഗാബ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കുള്ള ആദ്യ പടി പിന്നിട്ടത്. ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സിറാജ് കൊയ്തതോടെ ഓസീസിന്റെ രണ്ടാമിന്നിങ്‌സില്‍ 294 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. 73 റണ്‍സിനാണ് താരം അഞ്ചു പേരെ പുറത്താക്കിയത്. സിറാജിന്റെ കരിയറിലെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്.
ഗാബയില്‍ അഞ്ചു വിക്കറ്റുകളെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറിയിരുന്നു. എറാപ്പള്ളി പ്രസന്ന, ബിഷന്‍ സിങ് ബേദി, മദന്‍ ലാല്‍, സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സിറാജും ഇടം പിടിക്കുകയായിരുന്നു.

തിരികൊളുത്തി ഗില്‍

തിരികൊളുത്തി ഗില്‍

328 റണ്‍സെന്ന ഇന്ത്യയുടെ റെക്കോര്‍ഡ് റണ്‍ചേസിനു തിരി കൊളുത്തിയത് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. രോഹിത് ശര്‍മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും കരിയര്‍ ബെസ്റ്റ് സ്‌കോറായ 91 റണ്‍സുമായി ഗില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കി.
മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 15 റണ്‍സ് വാരിക്കൂട്ടിയ ഗില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് മാത്രമകലെ പുറത്തായി. രണ്ടാം സെഷനില്‍ നതാന്‍ ലിയോണായിരുന്നു ഗില്ലിന്റെ വിക്കറ്റെടുത്തത്. ഓസീസ് പേസര്‍മാര്‍ ഗില്ലിന്റെ ശരീരം ലക്ഷ്യമാക്കി പല തവണ ഷോര്‍ട്ട് ബോളുകളെറിഞ്ഞ് വെല്ലുവിളിയുയര്‍ത്തിയിരുന്നു. എന്നാല്‍ മികച്ച പുള്‍ ഷോട്ടുകളിലൂടെയാണ് താരം ഇവയ്ക്കു മറുപടി നല്‍കിയത്.

പുജാരയുടെ പോരാട്ടവീര്യം

പുജാരയുടെ പോരാട്ടവീര്യം

ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണ് ചേതേശ്വര്‍ പുജാര (211 ബോളില്‍ 56) ഗാബയില്‍ കുറിച്ചതെങ്കിലും ഇന്ത്യയുടെ വിജയം വിലയിരുത്തുമ്പോള്‍ ഈ ഇന്നിങ്‌സ് കൈയടിയര്‍ഹിക്കുന്നു. ഓസീസ് പേസര്‍മാര്‍ പല തവണ പുജാരയുടെ ഹെല്‍മറ്റിലും ശരീരത്തിലുമെല്ലാം ഷോര്‍ട്ട് ബോളുകളെറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കീഴടങ്ങിയില്ല. ഉറച്ച ദൃഢനിശ്ചയത്തോടെ അദ്ദേഹം വിലപ്പെട്ട ഇന്നിങ്‌സ് ഇന്ത്യക്കു വേണ്ടി കളിച്ച ശേഷമാണ് ക്രീസ് വിട്ടത്.
മറ്റു താരങ്ങളായിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്രയും തവണ ബോള്‍ ദേഹത്തും ഹെല്‍മറ്റിലും തട്ടിയിരുന്നെങ്കില്‍ പരിക്കേറ്റ് പിന്‍മാറുമായിരുന്നു. ഇവിടെയാണ് പുജാരയുടെ വില ഇന്ത്യ അറിഞ്ഞത്.

വീണ്ടും വാഷിങ്ടണ്‍

വീണ്ടും വാഷിങ്ടണ്‍

ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അരങ്ങേറ്റക്കാരനും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാമിന്നിങ്‌സിലും റോള്‍ ഭംഗിയാക്കി. ഓസീസ് ബൗളര്‍മാര്‍ വിക്കറ്റിനായി എല്ലാ അടവും പയറ്റവെ ക്രീസിലെത്തിയ വാഷിങ്ടണ്‍ 29 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 22 റണ്‍സ് നേടി. റിഷഭ് പന്തിനോടൊപ്പം ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനു കഴിഞ്ഞു.
കളി ഏതു ഭാഗത്തേക്കും മാറുമെന്ന ഘട്ടത്തില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ വാഷിങ്ടണ്‍ ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പാക്കിയ ശേഷമാണ് വിക്കറ്റ് വിട്ടുകൊടുത്തത്.

പന്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്

പന്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്

വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ സംഭവിച്ചെങ്കിലും ഈ കുറവെല്ലാം ഗാബയിലെ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ തീര്‍ത്തിരിക്കുകയാണ് റിഷഭ് പന്ത്. പരിചയസമ്പന്നനായ താരത്തിന്റെ കൈയടക്കമുള്ള ഇന്നിങ്‌സായിരുന്നു പന്തിന്റേത്. 138 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 89 റണ്‍സെടുത്ത പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യന്‍ വിജയവും പൂര്‍ത്തിയാക്കിയാണ് ക്രീസ് വിട്ടത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടെസ്റ്റ് ടീമില്‍ നിന്നും ഇനി തന്നെ മാറ്റി നിര്‍ത്താനാവില്ലെന്നു ഈ ഇന്നിങ്‌സോടെ പന്ത് അടിവരയിടുകയും ചെയ്തു.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഇതു തന്നെയാണെന്നു നിസംശയം പറയാം. അതുകൊണ്ടു തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.

Story first published: Tuesday, January 19, 2021, 17:15 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X