കിരീടം പോയ സങ്കടത്തിൽ ഗില്ലിന്റെ കണ്ണീർ കുറിപ്പ്! ആർസിബിയോട് തോറ്റത് ഈ കാരണങ്ങൾ കൊണ്ടെന്ന് താരം
ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നതിന്റെ നിരാശ മറച്ചുവെക്കാതെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ക്വാളിഫയർ 2-ൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് വൻ തിരിച്ചുവരവോടെ ഫൈനലിൽ എത്തിയ ഗുജറാത്തിന്, കലാശപ്പോരാട്ടത്തിൽ ആർസിബിയുടെ ആധിപത്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരികയായിരുന്നു. തോൽവിക്ക് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ച വികാരഭരിതമായ കുറിപ്പിലാണ് ഗിൽ തന്റെ സങ്കടം പങ്കുവെച്ചത്.
ലക്ഷ്യത്തിന് തൊട്ടരികിൽ കാലിടറി; ഗില്ലിന്റെ വാക്കുകൾ
ഫൈനൽ മത്സരത്തിന് തൊട്ടടുത്ത ദിവസം ചിത്രങ്ങൾക്കൊപ്പമാണ് ഗിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. കിരീടത്തിന് തൊട്ടരികിൽ എത്തിയിട്ടും ശരിയായ സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതാണ് തിരിച്ചടിയായതെന്ന് ഗിൽ സമ്മതിക്കുന്നു.

"ഞങ്ങൾ വിജയത്തിന് തൊട്ടരികിൽ വരെ എത്തിയിരുന്നു, എന്നാൽ ലൈൻ മറികടക്കാൻ സാധിച്ചില്ല. ഇത് വല്ലാതെ വേദനിപ്പിക്കുന്നു, ഈ നിരാശ ഞങ്ങളെ ഒട്ടാകെ തളർത്തുന്നുണ്ട്. എങ്കിലും നമ്മളെല്ലാവരും സ്നേഹിക്കുന്ന ഈ കളി ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മൾ വീണ്ടും തിരിച്ചുവരാൻ ശ്രമിക്കുകയും തോൽവി സമ്മതിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം, തോറ്റുപോയതിൽ ഒരു പ്രശ്നവുമില്ല എന്നാണ് ഈ കളി എന്നെ പഠിപ്പിച്ചത്. ഇനി നമ്മൾ രാജ്യത്തിന് വേണ്ടി വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ്."
പ്രതിസന്ധികളിലും തങ്ങളെ പിന്തുണച്ച എല്ലാ ആരാധകർക്കും നന്ദി പറയാനും ഗുജറാത്ത് നായകൻ മറന്നില്ല.
വൺ-സൈഡ് മത്സരമായി മാറിയ ഫൈനൽ!
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം പൂർണ്ണമായും ആർസിബിയുടെ നിയന്ത്രണത്തിലായിരുന്നു. മികച്ച ഫോമിലായിരുന്ന ഗുജറാത്തിന്റെ മുൻനിര ബാറ്റർമാരായ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്‌ലർ എന്നിവരെ തുടക്കത്തിൽ തന്നെ പുറത്താക്കി ആർസിബി ബൗളർമാർ കളി കൈപ്പിടിയിലൊതുക്കി. മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദർ നേടിയ അർധസെഞ്ചുറിയാണ് ഗുജറാത്തിനെ 155 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എങ്കിലും എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ വെങ്കിടേഷ് അയ്യർ ആർസിബിക്ക് പവർപ്ലേയിൽ തകർപ്പൻ തുടക്കം നൽകിയപ്പോൾ, ബാക്കി ജോലി വിരാട് കോഹ്‌ലി ഭംഗിയായി പൂർത്തിയാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന് 42 പന്തിൽ പുറത്താകാതെ 75* റൺസ് നേടിയ കോഹ്‌ലി, 18-ാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ചുകൊണ്ടാണ് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം സമ്മാനിച്ചത്.
ഇനി ശ്രദ്ധ രാജ്യത്തിന് വേണ്ടി; ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ഗിൽ വരുന്നു!
ഐപിഎൽ ആവേശം അവസാനിച്ചതോടെ താരങ്ങൾ ഇനി ഇന്ത്യൻ കുപ്പായത്തിലേക്ക് മടങ്ങിയെത്തുകയാണ്. ജൂൺ ആദ്യവാരം പഞ്ചാബിലെ മഹാരാജ സിങ് പിസിഎ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ഇതിന് പിന്നാലെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകളിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള നായകന്റെ റോളിലേക്ക് ശുഭ്മാൻ ഗിൽ തിരിച്ചെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications